Asianet News MalayalamAsianet News Malayalam

തൃശ്ശൂരില്‍ നാല് സ്കൂൾ വിദ്യാർത്ഥികളെ കാണാതായി

ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടികളെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകിട്ട് സ്കൂൾ വിട്ട് ഇവർ നാല് പേരും ഒരുമിച്ചാണ് ഇറങ്ങിയത്.

four students missing from thrissur
Author
Thrissur, First Published Nov 7, 2019, 8:42 PM IST

തൃശ്ശൂര്‍: തൃശൂർ ചാലക്കുടിക്ക് സമീപം മേലൂരിൽ നാല് സ്കൂൾ വിദ്യാർത്ഥികളെ കാണാതായി. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടികളെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകിട്ടാണ് വിദ്യാർത്ഥികളെ കാണാതായത്.

വൈകിട്ട് സ്കൂൾ വിട്ട് ഇവർ നാല് പേരും ഒരുമിച്ചാണ് ഇറങ്ങിയത്. വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊരട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥികളെ ചാലക്കുടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് കണ്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒരു ദിവസത്തിനിടെ കാണാതായ ആറ് പെണ്‍കുട്ടികളേയും മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് കണ്ടെത്തിയത് വലിയ വാര്‍ത്തയായിരുന്നു. പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നാണ് ആറ് പെണ്‍കുട്ടികളെ കഴിഞ്ഞ ദിവസം കാണാതായത്.

24 മണിക്കൂറിനുള്ളിലാണ് ആറ് പരാതികള്‍ പൊലീസിന് ലഭിച്ചത്. ആറ് പേരും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ്  പൊലീസ് ആദ്യം പരിശോധിച്ചത്. എന്നാല്‍ ആറു പെൺകുട്ടികളും ജില്ലയിലെ വിവിധ സ്കൂൾ, കോളേജ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളാണെന്നും പരസ്പരം ബന്ധമില്ലെന്നും കണ്ടെത്തി. പരാതിയില്‍ കേസെടുത്ത പൊലീസ് കാണാതായ പെണ്‍കുട്ടികള്‍ക്കായി വ്യാപക അന്വേഷണം ആരംഭിക്കുകയും മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തുകയും ചെയ്തു.

തൃശ്ശൂര്‍ സിറ്റി, റൂറല്‍ പൊലീസ് പരിധികളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായിരുന്നു അന്വേഷണ ചുമതല. കമിതാക്കൾക്കൊപ്പമാണ് അഞ്ച് പെണ്‍കുട്ടികള്‍ പോയതെന്ന് ആദ്യ അന്വേഷണത്തില്‍ തന്നെ കണ്ടെത്തി. ആണ്‍സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്.

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടവര്‍ക്കൊപ്പമാണ് നാല് പെണ്‍കുട്ടികളും പോയതെന്ന് പൊലീസ് പറയുന്നു.  ചാലക്കുടിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി പോയത് അയല്‍വാസിക്കൊപ്പമായിരുന്നു. പുതുക്കാട് നിന്ന് കാണാതായ പെണ്‍കുട്ടിയെ കൊല്ലത്ത് നിന്ന് കണ്ടെത്തി. വടക്കാഞ്ചേരിയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ ആണ്‍സുഹൃത്തിനൊപ്പം കാസര്‍കോഡ് നിന്ന് കിട്ടി. 

വെസ്റ്റ് സ്റ്റേഷൻ പരിധിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. ഈ കുട്ടി നാലാം തവണയാണ് വീട് വിട്ടു പോകുന്നത്. കുടുംബപ്രശ്നമാണ് കുട്ടി നിരന്തരം ഓടിപ്പോകാന്‍ കാരണമെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടികളെ നിരന്തരം കാണാതാകുന്ന സാഹചര്യത്തില്‍ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് പറയുന്നു. 

Follow Us:
Download App:
  • android
  • ios