അനുഗ്രഹ ആർട്‌സ് ആൻഡ്‌ സ്‌പോർട്‌സ് ക്ലബ്ബിന്റെ ഓണാഘോഷത്തിനിടെയാണ് നാലു ബൈക്കുകളിലായി എട്ടുപേരുള്ള അക്രമിസംഘം വാളുമായെത്തി അക്രമം നടത്തിയത്.

തിരുവനന്തപുരം: ഓണാഘോഷം നടക്കുന്ന സ്ഥലത്ത് ആയുധങ്ങളുമായി എത്തിയ അക്രമിസംഘം രണ്ടുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചു. സഹോദരനെ ആക്രമിക്കുന്നത് ചെറുത്ത യുവതിക്കും തർക്കത്തിനിടെ ഗുരുതരമായി പരിക്കേറ്റു.ഞായറാഴ്ച രാത്രി ഒമ്പതോടെ ചിറയിൻകീഴ് പുളിമൂട് കൂന്തള്ളൂർ കുറട്ടുവിളാകത്തായിരുന്നു സംഭവം. കുറട്ടുവിളാകം സ്വദേശികളായ അച്ചുലാൽ (35), കല്ലുതട്ടിൽ വീട്ടിൽ അജിത്ത് (37) എന്നിവർക്കാണ് വെട്ടേറ്റത്. അക്രമത്തിന് കാരണക്കാരായ നിരവധി കേസുകളിലെ പ്രതിയുൾപ്പെടെ നാലുപേരെ ചിറയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു.

ശാർക്കര ഈഞ്ചയ്ക്കൽ പാലത്തിന് സമീപം ആറ്റുവരമ്പിൽതിട്ട വീട്ടിൽ പ്രവീൺലാൽ (34), അനന്തൻതിട്ടവീട്ടിൽ ഉണ്ണി (28), വയൽതിട്ടവീട്ടിൽ കിരൺ പ്രകാശ് (29), ശാർക്കര കളിയിൽപാലത്തിന് സമീപം വയൽതിട്ട വീട്ടിൽ ജയേഷ് (24) എന്നിവരാണ് അറസ്റ്റിലായത്. കൂന്തള്ളൂർ കുറട്ടുവിളാകം പൗരസമിതിയുടെ അനുഗ്രഹ ആർട്‌സ് ആൻഡ്‌ സ്‌പോർട്‌സ് ക്ലബ്ബിന്റെ ഓണാഘോഷത്തിനിടെയാണ് നാലു ബൈക്കുകളിലായി എട്ടുപേരുള്ള അക്രമിസംഘം വാളുമായെത്തി അക്രമം നടത്തിയത്.

രാത്രിയോടെ ഉച്ചത്തിൽ ഹോൺ മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ബൈക്ക് അപകടകരമായ നിലയിൽ സ്ത്രീകളുടേയും കുട്ടികളുേടയും ഇടയിലേക്ക്‌ ഇടിച്ചുകയറ്റിയത്. അക്രമികളെ പിൻതിരിപ്പിക്കാൻ ശ്രമിച്ച കമ്മിറ്റി അംഗങ്ങളെ ബൈക്കിൽ കരുതിവെച്ചിരുന്ന ആയുധം വീശി കൂടിനിന്നവരെ ഓടിച്ചു. ഇതിനിടെ അച്ചുലാലിനെും അജിത്തിനെയും തിരഞ്ഞു പിടിച്ച് വെട്ടുകയായിരുന്നു. സഹോദരൻ അച്ചുലാലിനെ ആക്രമിക്കുന്നത് കണ്ടപ്പോഴാണ് സഹോദരിയായ മോനിഷ രക്ഷിക്കാൻ ചെന്നത്. അക്രമികൾ എടുത്തെറിഞ്ഞതിനെതുടർന്ന് മോനിഷയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

മോനിഷയെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെട്ടേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളെജാശുപത്രിയിലും, സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരുന്നതായും കൃത്യത്തിലുൾപ്പെട്ട മറ്റ് പ്രതികളെയും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.