22,000 രൂപയ്ക്ക് ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി തമിഴ്നാട് വഴി ബൈപ്പാസ് റോഡിലൂടെ കോവളം ഭാഗത്തേക്ക് വരവെയാണ് പ്രതികൾ പിടിയിലായത്. കോവളം പോറോഡ് പാലത്തിനു സമീപം ഇവരുടെ ഓട്ടോ തടഞ്ഞ് പ്രതികളെ പിടികൂടുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു
തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ കോവളത്ത് പിടിയിൽ. ഓട്ടോയിൽ കടത്തിക്കൊണ്ടുവന്ന 3.6 കിലോ കഞ്ചാവുമായി ബീമാപള്ളി സ്വദേശികളായ നൗഷാദ് (40), സെയ്‌ദലി (33), ഓട്ടോ ഡ്രൈവർ സുൾഫിക്കർ (33), തിരുവല്ലം സ്വദേശി ഷെഫീക് (51) എന്നിവരെയാണ് സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്. 22,000 രൂപയ്ക്ക് ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി തമിഴ്നാട് വഴി ബൈപ്പാസ് റോഡിലൂടെ കോവളം ഭാഗത്തേക്ക് വരവെയാണ് പ്രതികൾ പിടിയിലായത്.
കോവളം പോറോഡ് പാലത്തിനു സമീപം ഇവരുടെ ഓട്ടോ തടഞ്ഞ് പ്രതികളെ പിടികൂടുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ട് ബാഗുകളിൽ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്ന കഞ്ചാവ് കണ്ടെടുത്തു. നാർക്കോട്ടിക് എസിപി ഗോപകുമാറിൻ്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതികളെ വിഴിഞ്ഞം പൊലീസിന് കൈമാറി. വിഴിഞ്ഞം എസ്.എച്ച്.ഒ ഹേമന്ത് കുമാറിൻ്റെ നേതൃത്വത്തിൽ പ്രതികളെ ദേഹപരിശോധന നടത്തി. പ്രതികൾ ഒറീസയിൽ നിന്നും വാങ്ങിയ ടീ ഷർട്ടുകളും മൊബൈൽ ഫോണുകളും പണവും പൊലീസ് പിടിച്ചെടുത്തു. പ്രതികൾ കഞ്ചാവ് കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു.


