കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നാലാമത്തെ ഹരിത വാർഡായി തിരുവമ്പാടി പഞ്ചായത്തിലെ മൂന്നാം വാർഡ് ആനക്കാംപൊയിൽ. ഇത് സംബന്ധിച്ച പ്രഖ്യാപനം എംഎൽഎ ജോർജ് എം തോമസ് നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട്  പി.ടി. അഗസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. 

പ്രകൃതിയുടെയും മനുഷ്യൻ്റെയും സർവ്വതല സ്പർശിയായ സുസ്ഥിര വികസനവും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവുമാണ് ഹരിതകേരളം മിഷനിലൂടെ ലക്ഷ്യമിടുന്നത്. ഇരുവഴിഞ്ഞിപ്പുഴയുടെ തീരങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞു കൂടുന്നത് ഏറെ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കും, ഉറവിട മാലിന്യ സംസ്ക്കരണം ഒരു ശീലമായി ഏവരും ഏറ്റെടുക്കണമെന്ന് എംഎൽഎ അറിയിച്ചു

ഒരു വാർഡിലെ മുഴുവൻ വീടുകളിലും ജൈവമാലിന്യം സംസ്കരിക്കുന്നതിനുള്ള മാർഗങ്ങൾ, യൂസർഫീ നൽകി അജൈവ മാലിന്യങ്ങൾ ഹരിതകർമ്മ സേനയ്ക്ക് കൈമാറൽ, പൊതുചടങ്ങുകളിൽ ഗ്രീൻ പ്രോട്ടോക്കോൾ, വൃത്തിയുള്ള വീഥികളും ജലാശയങ്ങളും, ഹരിത നിയമാവലി ബോധവൽക്കരണം, എല്ലാ വീട്ടിലും പച്ചക്കറി കൃഷി എന്നിവ നടത്തുന്ന വാർഡിനെയാണ് ഹരിത വാർഡായി തെരഞ്ഞെടുക്കുന്നത്. 

വാർഡിലെ മികച്ച ഹരിതഭവനമായി തെരഞ്ഞെടുത്ത എമേഴ്സൺ കല്ലോലിക്കൽ, ഏറ്റവും മികച്ച ക്ഷീര കർഷകനായി തെരഞ്ഞെടുത്ത ഇന്നസെന്റ് വെങ്കിട്ടയിൽ എന്നിവരെ ആദരിച്ചു.

ചടങ്ങിൽ തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത വിനോദ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ.ഗോപാലൻ, ഹരിതകേരളം മിഷൻ കോർഡിനേറ്റർ പി.പ്രകാശ്, ഹരിതസഹായ സ്ഥാപനം നിറവ് വേങ്ങരി ഡയറക്ടർ ബാബു പറമ്പത്ത്, മരിയൻ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സിൻസി, കെ.ഡി. ആൻ്റണി, കെ.എം.ബേബി തുടങ്ങിയവർ സംസാരിച്ചു. ജില്ലയിൽ നേരത്തെ പനങ്ങാട്, ബാലുശ്ശേരി പഞ്ചായത്തുകളിൽ ഓരോ വാർഡും,   ഫെബ്രുവരി 15 ന് മുക്കം നഗരസഭ മംഗലശ്ശേരി ഡിവിഷനെയും ഹരിത വാർഡായി പ്രഖ്യാപിച്ചിരുന്നു.

ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ തിരുവമ്പാടി പഞ്ചായത്തിനെയും, പ്രസിഡന്റ്, സെക്രട്ടറി, വാർഡ് മെമ്പർ ബിന്ദു  ജെയിംസ്, ഓരോ വീട്ടിലേക്കും ഈ സന്ദേശം എത്തിക്കാൻ നേതൃത്വം നൽകിയ നിറവ് ഹരിത സഹായ സ്ഥാപനത്തിന്റെ പ്രവർത്തകരായ നമൃത, റിനിൽ, ഹരിതകർമ്മ സേന പ്രവർത്തകർ, വാർഡ് വികസന സമിതി അംഗങ്ങൾ, മറ്റ് എല്ലാവരെയും ജില്ലാ ഭരണകൂടത്തിൻ്റെയും ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവരുടെയും അഭിനന്ദനങ്ങൾ അറിയിച്ചു.