തൃശ്ശൂര്‍:  തൃശ്ശൂര്‍ ശ്രീനാരായണപുരം സ്വദേശിനിയായ നാലാം ക്ലാസ് വിദ്യാര്‍ഥിനി  തമന്ന ഫാത്തിമ കൃഷി ചെയ്ത കാന്താരി മുളകിന് എരിവല്ല, സ്നേഹത്തിന്‍റെ മധുരമാണ്. പ്രളയബാധിതര്‍ക്ക് തന്നാലാവുന്ന സഹായം നല്‍കാന്‍ തന്‍റെ കാന്താരിമുളക് കൃഷിയില്‍ നിന്നും കിട്ടിയ ആയിരം രൂപ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറിയിരിക്കുകയാണ് തമന്ന ഫാത്തിമ. 

ശ്രീനാരായണ പുരം പടിഞ്ഞാറെ വെമ്പല്ലൂര്‍ എഎംഎല്‍പി സ്‌കൂളിലെ വിദ്യാര്‍ഥിനിയായ തമന്ന വീടിന്റെ ടെറസിന്റെ മുകളിലാണ് മുളക് കൃഷി നടത്തുന്നത്. കാന്താരി കൃഷിക്കായി കൃഷി ഓഫീസര്‍ തങ്കരാജിന്റെ സഹായവും തമന്നയ്ക്കുണ്ട്. കഴിഞ്ഞ പ്രളയകാലത്ത്, നാണയങ്ങള്‍ നിറഞ്ഞ സമ്പാദ്യ കുടുക്ക തമന്ന ദുരിതബാധിതര്‍ക്കായി നല്‍കിയിരുന്നു.

ഇത്തവണ പ്രളയബാധിതരെ സഹായിക്കുന്നതിനായി കാന്താരി മുളക് വിളവെടുപ്പ് നടത്തിയാല്‍ ലഭിക്കുന്ന തുക കൈമാറാമെന്ന് തീരുമാനിക്കുകയായിരുന്നു. വിളവെടുപ്പില്‍ കര്‍ഷക മിത്ര തൃശൂര്‍ ജില്ലാ സെക്രട്ടറി സജികുമാര്‍, കൃഷി ഓഫീസര്‍മാരായ തങ്കരാജ്, അജി, ലബീന, സ്‌കൂള്‍ പ്രധാന അദ്ധ്യാപിക സീനത്ത്, നൂജന്‍  തുടങ്ങിയവര്‍ പങ്കാളികളായി. 

വിളവെടുപ്പിന് ശേഷം തമന്ന കാന്താരി മുളക് കര്‍ഷകമിത്രയ്ക്ക് വിറ്റു. അവര്‍   നല്‍കിയ പണം കയ്പമംഗലം എംഎല്‍എ ഇ ടി ടൈസണ്‍ മാസ്റ്ററുടെ പ്രതിനിധി എന്‍ സി പ്രശാന്ത് തമന്നയില്‍ നിന്നും ഏറ്റു വാങ്ങി. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ പേഴ്സ്ണല്‍ സ്റ്റാഫും ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി ഡയറക്റ്ററുമായ ഷെമീര്‍ പതിയാശ്ശേരിയുടെയും അധ്യാപിക ഷാഹിറയുടെയും മകളാണ് തമന്നാ ഫാത്തിമ.