Asianet News MalayalamAsianet News Malayalam

ചേര്‍ത്തലയില്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച് ലക്ഷങ്ങളുടെ പണമിടപാട്; ഡ്രൈവര്‍ പിടിയില്‍

ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച് ലക്ഷങ്ങളുടെ അനധികൃത പണമിടപാട് നടത്തിയിരുന്ന ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. 

Fraud case against auto driver
Author
Alappuzha, First Published Feb 6, 2019, 10:08 PM IST

ചേര്‍ത്തല: ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച് ലക്ഷങ്ങളുടെ അനധികൃത പണമിടപാട് നടത്തിയിരുന്ന ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല കുറുപ്പംകുളങ്ങര ഏരിയംവീട്ടില്‍ ഓട്ടോ ഗോപിയെന്ന് വിളിക്കുന്ന സാംബശിവനെയാണ് ചേര്‍ത്തല പൊലീസ് അറസ്റ്റ് ചെയ്തത്. പണമിടപാടിന് മറയായാണ് ഇയാള്‍ ഓട്ടോ ഉപയോഗിച്ചിരുന്നത്. വിവാഹം അടക്കമുള്ള ആവശ്യങ്ങള്‍ക്ക് ഉയര്‍ന്ന പലിശക്ക് പണം നല്‍കി വസ്തു ഈടുവാങ്ങുകയും ഇത് കൈക്കലാക്കുന്നതുമായിരുന്നു രീതിയെന്നും പൊലീസ് പറഞ്ഞു.

പൊലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ഇയാള്‍ പണപിരിവിനിടെയാണ് നഗരത്തില്‍ വെച്ച് പിടിയിലായത്. നഗരത്തില്‍ ഓട്ടോയില്‍ നിന്നും പിടിയിലാകുമ്പോള്‍ 20000 രൂപയും 4,50,000 രൂപയുടെ തീയതിവെക്കാത്ത രണ്ടു ചെക്കുകളും, അഞ്ചുലക്ഷത്തിന്‍റെ പ്രോമിസറി നോട്ടുകളുമടക്കമുള്ള രേഖകള്‍ ഇയാളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

തുടര്‍ന്ന് വീട്ടില്‍ നടന്ന പരിശോധനയില്‍ 16 പ്രമാണങ്ങളും അടയാള സഹിതമുള്ള പകര്‍പ്പുകളും കരാര്‍ ഉടമ്പടികളടക്കമുള്ള രേഖകളും കണ്ടെത്തി. ഒന്നരകോടിയോളം രൂപയുടെ ഇടപാടുകള്‍ നടത്തിയതായാണ് പ്രാഥമിക നിഗമനമെന്ന് ചേര്‍ത്തല സി ഐ പി ശ്രീകുമാര്‍ പറഞ്ഞു. 


 

Follow Us:
Download App:
  • android
  • ios