ആദ്യം പറഞ്ഞിരുന്നത് മോഷണം പോയെന്ന രീതിയിലായിരുന്നെങ്കിലും ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പൊലീസും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും തട്ടിപ്പ്കാരനെ പുറത്ത് കൊണ്ടുവന്നു...
കല്‍പ്പറ്റ: വയനാട്ടില്‍ റേഷന്‍കടകളിലെ ക്രമക്കേട് തുടര്‍ക്കഥയാവുകയാണ്. ഈ വര്‍ഷത്തെ ആദ്യ കേസ് വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസിന് കീഴിലാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ റേഷന്‍കൊള്ള വയനാട്ടില്‍ അരങ്ങേറിയത്. വെള്ളമുണ്ട മൊതക്കര വാഴയില്‍ അഷ്റഫ് എന്നയാളുടെ പേരിലുള്ള എ.ആര്‍.ഡി നമ്പര്‍ മൂന്ന് റേഷന്‍ഷാപ്പില്‍ നിന്നും 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും മോഷണം പോയതായിരുന്നു സംഭവം. ആദ്യം പറഞ്ഞിരുന്നത് മോഷണം പോയെന്ന രീതിയിലായിരുന്നെങ്കിലും ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പൊലീസും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും തട്ടിപ്പ്കാരനെ പുറത്ത് കൊണ്ടുവന്നു. കടയുടമ അറസ്റ്റിലായപ്പോള്‍ നാട്ടുകാരാണ് ഞെട്ടിയത്. വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ തെക്കുംതറയില്‍ പ്രവര്‍ത്തിക്കുന്ന എ.ആര്‍.ഡി 88 നമ്പര്‍ കട സസ്‌പെന്റ് ചെയതതാണ് ഇതില്‍ ഒടുവിലുത്തേത്. താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കടയുടെ അംഗീകാരം താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്തിരിക്കുന്നത്.
2020 മെയ് മാസം ആദ്യ ആഴ്ചയില്‍ മറ്റൊരു റേഷന്‍തട്ടിപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. അനുവദിച്ച അളവില്‍ കാര്‍ഡുടമകള്‍ക്ക് ഭക്ഷ്യധാന്യം ലഭിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. മാനന്തവാടിക്കടുത്ത് വിന്‍സെന്റ് ഗിരിയിലെ കടയുടമക്കെതിരെയായിരുന്നു നടപടി. ബിനു ജോസ് എന്നയാള്‍ ലൈസന്‍സി ആയിട്ടുള്ള എ.ആര്‍.ഡി 49 നമ്പര്‍ കടയുടെ ലൈസന്‍സാണ് താലൂക്ക് സപ്ലൈ ഓഫീസര്‍ താത്കാലികമായി സസ്പെന്‍ഡ് ചെയ്തത്. ആദിവാസികള്‍ അടക്കമുള്ള കാര്‍ഡുടമകള്‍ക്ക് കടയില്‍ നിന്ന്് അനുവദിച്ച അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നില്ലെന്നായിരുന്നു പരാതി. തുടര്‍ന്ന് മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസര്‍ പി. ഉസ്മാന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
2020 ഒക്ടോബറില്‍ റേഷന്‍കടയുടമയുടെ വീട്ടില്‍ നിന്ന് അരിപിടിച്ചെടുത്തു. മാനന്തവാടി ദ്വാരകയിലെ റേഷന്‍ കടയുടമയും കെല്ലൂര്‍ സ്വദേശിയുമായി കെ. നാസര്‍ എന്നയാളുടെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലായിരുന്നു എഫ്.സി.ഐ മുദ്രയോട് കൂടിയ 64 ചാക്ക് റേഷന്‍ അരി സൂക്ഷിച്ചിരുന്നത്. ഇതിന് പുറമെ മറ്റൊരു ബ്രാന്റിന്റെ പേരുള്ള ചാക്കിലേക്കും റേഷന്‍ അരി മാറ്റി സൂക്ഷിച്ചതായി കണ്ടെത്തി. 20 കിലോ ഗ്രാമിന്റെ 242 ബാഗുകളാണ് ഇത്തരത്തില്‍ കണ്ടെടുത്തത്. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നായിരുന്നു നടപടി. കെല്ലൂര്‍ മൊക്കത്തുള്ള സിവില്‍സപ്ലൈസിന്റെ ഗോഡൗണില്‍ നിന്ന് റേഷന്‍ കടയിലേക്ക് എന്ന വ്യാജേന അരി വീട്ടിലേക്ക് എത്തിക്കുന്നതായി നാട്ടുകാരില്‍ ചിലര്‍ക്ക് അറിയാമായിരുന്നു. തുടര്‍ന്ന് ഗോഡൗണില്‍ നിന്നുള്ള വാഹനം ഇവര്‍ പിന്തുടരുകയായിരുന്നു.
ദ്വാരകയില്‍ തന്നെയുള്ള എ.ആര്‍.ഡി 35 ാം നമ്പര്‍ കടയില്‍ ആറു കിന്റല്‍ അരി കൂടുതലാണെന്ന് കണ്ടെത്തി. അതേ സമയം സംഭവത്തില്‍ ചില ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഗോഡൗണ്‍ ഉപരോധിച്ചിരുന്നു. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ നിന്നും മുമ്പ് സമാനപരാതികളുണ്ടായിരുന്നു. ആദിവാസികള്‍ക്ക് അനുവദിച്ച അളവില്‍ റേഷന്‍ ലഭിക്കുന്നില്ലെന്ന പരാതിയായിരുന്നു ഇവിടെ. തൂക്കത്തില്‍ കൃത്രിമം കാണിക്കുന്നുവെന്ന പരാതിയും അധികൃതര്‍ക്ക് മുമ്പാകെ എത്തിയിരുന്നു. അതേ സമയം 'വിശപ്പുരഹിത കേരളം' പദ്ധതിയുടെ ഭാഗമായി 'സഞ്ചരിക്കുന്ന റേഷന്‍ കട' അടക്കം പ്രവര്‍ത്തിക്കുന്ന ജില്ലയില്‍ തുടര്‍ച്ചയായി റേഷന്‍ ക്രമക്കേടുകള്‍ നടക്കുന്നത് ഉദ്യോഗസ്ഥരുടെ കൂടി അലംഭാവം കാരണമാണെന്നാണ് ആരോപണമുയരുന്നത്. സമയാസമയങ്ങളില്‍ നടക്കുന്ന മിന്നല്‍പരിശോധനകളില്‍ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്ന് നാട്ടുകാര്‍ പറയുന്നു.
