Asianet News MalayalamAsianet News Malayalam

കെഎസ്ഇബിയുടെ പേരിൽ വ്യാജ സന്ദേശം; 'വഞ്ചിതരാകരുത്', ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്

സന്ദേശത്തിലെ മൊബൈൽ നമ്പരിൽ ബന്ധപ്പെട്ടാൽ കെ എസ് ഇ ബിയുടെ ഉദ്യോഗസ്ഥൻ എന്ന വ്യാജേന സംസാരിച്ച് ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും

fraud messages in the name of KSEB, Warning
Author
Thiruvananthapuram, First Published Jul 26, 2022, 4:33 PM IST

തിരുവനന്തപുരം: എത്രയും വേഗം പണമടച്ചില്ലെങ്കിൽ, ആധാർ നമ്പർ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തിൽ ലഭിക്കുന്ന വ്യാജ വാര്‍ത്തകൾ ശ്രദ്ധിക്കണമെന്ന് കെഎസ്ഇബി. ഇത്തരത്തിൽ ചില വ്യാജ എസ്എംഎസ്/ വാട്സാപ് സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നേരത്തെ ഇംഗ്ലീഷിൽ ലഭിച്ചിരുന്ന ഇത്തരം സന്ദേശങ്ങൾ ഇപ്പോൾ മലയാളത്തിലും ലഭിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. 

സന്ദേശത്തിലെ മൊബൈൽ നമ്പരിൽ ബന്ധപ്പെട്ടാൽ കെ എസ് ഇ ബിയുടെ ഉദ്യോഗസ്ഥൻ എന്ന വ്യാജേന സംസാരിച്ച് ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയും തുടർന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം കവരുകയും ചെയ്യുന്ന ശൈലിയാണ് ഇത്തരം തട്ടിപ്പുകാർക്കുള്ളത്. 

കെ എസ് ഇ ബി അയക്കുന്ന സന്ദേശങ്ങളിൽ 13 അക്ക കൺസ്യൂമർ നമ്പർ, അടയ്ക്കേണ്ട തുക, പണമടയ്ക്കാനുള്ള ലിങ്ക് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കും. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒ ടി പി തുടങ്ങിയവ ഒരു ഘട്ടത്തിലും കെ എസ് ഇ ബി ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതല്ല. ഉപഭോക്താക്കൾ തികഞ്ഞ ജാഗ്രത പുലർത്തണം എന്നും ഇത്തരം വ്യാജ സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുതെന്നും കെഎസ്ഇബി അധികൃതർ വ്യക്തമാക്കി.

'ആയിരം രൂപ വരെയുള്ള ബില്ലുകള്‍ കൗണ്ടറില്‍ അടയ്ക്കാം', കെഎസ്ഇബി ഉത്തരവ് തിരുത്തി വൈദ്യുതി മന്ത്രി

തിരുവനന്തപുരം: ബില്ലുകള്‍ അടയ്ക്കുന്നത് സംബന്ധിച്ചുള്ള കെഎസ്ഇബിയുടെ പുതിയ ഉത്തരവ് തിരുത്തി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ആയിരം രൂപ വരെയുള്ള ബില്ലുകള്‍ കൗണ്ടറുകളിൽ അടയ്ക്കാമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 500 രൂപ വരെയേ കൗണ്ടറുകളിൽ  സ്വീകരിക്കു എന്നായിരുന്നു കെഎസ്ഇബി ഉത്തരവ്. സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍റെ ഭാഗമായാണ് കെഎസ്ഇബിയുടെ തിരക്കിട്ട നീക്കം.

ആയിരം രൂപയ്ക്ക് മുകളിലുള്ള എല്ലാ ബില്ലും  ഓൺലൈൻ അടയ്ക്കണമെന്നും ബില്ല് 500 ന് മുകളിലെങ്കിൽ പരമാവധി കൗണ്ടറിൽ സ്വീകരിക്കാതിരിക്കാനും നിര്‍ദ്ദേശിച്ചാണ് ഉത്തരവിറങ്ങിയത്.  ബില്ല് അടയ്ക്കാന്‍ കാശുമായി കൗണ്ടറിലെത്തുന്നവരെ നിരുത്സാഹപ്പെടുത്തും.  ഇത്തരക്കാര്‍ക്ക് പരമാവധി രണ്ടോ മൂന്നോ തവണ മാത്രമെ ഇളവുണ്ടാകു. എന്നാല്‍ പല കോണിൽ നിന്നും വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് മന്ത്രി ഇടപെട്ടാണ്  ഓൺലൈൻ ബില്ലടയ്ക്കലിൽ വ്യക്തത വരുത്തിയത്. 

രണ്ട് ദിവസം മുമ്പ് 1000 രൂപയ്ക്ക് മുകളിലുള്ള ബില്‍ പിരിവ്  നിർബന്ധമായി ഡിജിറ്റലാക്കാനും 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ കൗണ്ടറുകളിൽ അടയ്ക്കുന്നത് നിരുത്സാഹപ്പെടുത്താനും നി‍ർദ്ദേശം വന്നിരുന്നു. എന്നാൽ പണവുമായി എത്തുന്നവർക്ക് കുറച്ച് തവണ ഇളവ് നൽകാമെന്നും പറഞ്ഞിരുന്നു. പിന്നാലെ ഈ ഇളവ് രണ്ട് - മൂന്ന് തവണ മാത്രമെന്ന് വ്യക്തമാക്കിക്കൊണ്ട്  ഇറക്കിയ പുതിയ ഉത്തരവില്‍ 1000 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ എന്നത് 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളെന്ന് കെഎസ്ഇബി മാറ്റി.

നിലവിലെ ഉപഭോക്താക്കളിൽ ഏതാണ്ട് പാതിയും ഡിജിറ്റലായാണ് പണമടയ്ക്കുന്നത് കെഎസ്ഇബി പറയുന്നു. പണം പിരിവ് പൂർണമായും ‍‍ഡിജിറ്റലാക്കണമെന്ന് മെയ് 12ന് ചേ‍ർന്ന ബോ‍ർഡ് യോഗം നിർദ്ദേശിച്ചിരുന്നു. ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് കാട്ടി ഊ‍‍ർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ നി‍ർദ്ദേശത്തിന് പിന്നാലെയാണ് കെഎസ്ഇബി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ആയിരം രൂപ വരെയുള്ള ബില്ലുകള്‍ കൗണ്ടറുകളിൽ അടയ്ക്കാമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വൈദ്യുതി മന്ത്രി.

Follow Us:
Download App:
  • android
  • ios