പാറശാല പരശുപക്കലില്‍ പ്രവര്‍ത്തിക്കുന്ന രജാ ഹെയര്‍ സ്റ്റൈല്‍ ഷോപ്പില്‍ ഇന്ന് എത്തിയ മുഴുവന്‍ ആളുകള്‍ക്കും മുടിവെട്ടും ഷേവിംഗും പൂര്‍ണ്ണമായും സൗജന്യമാക്കിയാണ് പ്രിയ താരത്തിനോട് മുത്തു ആദരം കാണിച്ചത്.

തിരുവനന്തപുരം: സ്റ്റൈല്‍ മന്നന്‍ രജനികാന്തിന് പിറനാള്‍ ആശംസകളുമായി തന്‍റെ ബാര്‍ബര്‍ ഷോപ്പിലെത്തുിയവര്‍ക്ക് കട്ടിങ്ങും ഷേവിങ്ങും സൗജന്യമാക്കി ഒരു കട്ടആരാധകന്‍. രജനിയുടെ കടുത്ത ആരാധകനായ ഇസൈക്കി മുത്തുവാണ് പ്രിയ താരത്തിന്‍റെ ജന്മദിനം വേറിട്ട രീതിയില്‍ ആഘോഷിച്ചത്. പാറശാല പരശുപക്കലില്‍ പ്രവര്‍ത്തിക്കുന്ന രജാ ഹെയര്‍ സ്റ്റൈല്‍ ഷോപ്പില്‍ ഇന്ന് എത്തിയ മുഴുവന്‍ ആളുകള്‍ക്കും മുടിവെട്ടും ഷേവിംഗും പൂര്‍ണ്ണമായും സൗജന്യമാക്കിയാണ് പ്രിയ താരത്തിനോട് മുത്തു ആദരം കാണിച്ചത്.

തിരുനല്‍വേലി അമ്പാസമുദ്രം സ്വദേശിയായ മുത്തു എന്ന് വിളിക്കുന്ന ഇസൈക്കിമുത്തു കഴിഞ്ഞ 10 വര്‍ഷമായി പരശുവക്കലിലെ ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവനാണ്. 10 വയസുമുതല്‍ രജനികാന്തിന്‍റെ സിനിമകള്‍ കണ്ട് തുടങ്ങിയതാണ് മുത്തു. ഏറെക്കുറെ രജനികാന്തിന്‍റെ എല്ലാ ചിത്രങ്ങളും കണ്ടു കഴിഞ്ഞു. ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന ദര്‍ബാറിന് ആശംസകളര്‍പ്പിച്ച് കടയുടെ പുറത്ത് ബോര്‍ഡ് സ്ഥാപിച്ച് ഇന്നത്തെ സര്‍വ്വീസ് സൗജന്യമെന്ന് അറിയിച്ചപ്പോഴാണ് നാട്ടുകാരും വിവരം അറിയുന്നത്. 

രാവിലെ എട്ട് മണിമുതല്‍ നിരവധിപേരാണ് മുത്തുവിന്‍റെ കടയിലേക്ക് ഒഴുകി എത്തിയത്. സഹായികളായി കടയില്‍ രണ്ട് പേര്‍ കൂടെ ഉണ്ടെങ്കിലും ഇന്ന് ഉച്ചഭക്ഷണത്തിന് കൂടി പോകാനാവാതെ തിരക്കായി. എല്ലാം രജനിക്ക് വേണ്ടി എന്നാണ് മുത്തുവിന്‍റെ പക്ഷം. എല്ലാ ശനിയാഴ്ചയും നാട്ടിലേക്ക് മടങ്ങുന്ന മുത്തു തിങ്കളാഴ്ച രാവിലെ പരശുവക്കലിലെത്തും. ഭാര്യ മാലയും മക്കള്‍ ഇസൈക്കിരാജയും ഇസൈക്കി ലക്ഷ്മിയും രജനിയുടെ കടുത്ത ആരാധകരാണ്. രജനികാന്ത് ഇനിയും കുടുതല്‍ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നിലേക്കെത്തണമെന്ന അഭ്യര്‍ത്ഥനയാണ് അദ്ദേഹത്തിന്‍റെ എഴുപതാം പിറന്നാളില്‍ ഇസൈക്കി മുത്തുവിനുളളത്.