ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ഇ എം എസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മേള കാണാന്‍ ഫ്രഞ്ച് സംഘവും. ഫ്രാന്‍സില്‍ നിന്നുള്ള 10 സംഘമാണ് മേള കാണാനെത്തിയത്. 20 വര്‍ഷമായി കേരളത്തില്‍ വരുന്ന ഫ്രഞ്ച് പൗരന്‍ അലന്റെ നേതൃത്വത്തിലുള്ള സംഘത്തെ നയിക്കുന്നത്. 

ആലപ്പുഴയില്‍ മുപ്പാലത്താണ് സംഘം താമസിക്കുന്നത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സ്റ്റാളിലെത്തിയ സംഘം പുസ്തകങ്ങളും വികസന വാര്‍ത്തകളുടെ വീഡിയോ ദൃശ്യങ്ങളും കണ്ടു. പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മിതി മോഡലും ഹോമിയോപ്പതി വകുപ്പിന്റെ സ്റ്റാളുകളിലും ഏറെ നേരം ചെലവഴിച്ചാണ് സംഘം മടങ്ങിയത്.

ജില്ലാ ഹോമിയോപ്പതി വകുപ്പിന്‍റെ സ്‌ററാള്‍ സന്ദര്‍ശിക്കുന്നതിനാണ് സംഘം പ്രധാനമായും എത്തിയത്. ഹോമിയോപ്പതി വകുപ്പിന്റെ പ്രവര്‍ത്തനങ്ങളും രോഗ പ്രതിരോധമാര്‍ഗ്ഗങ്ങളും സംഘം ചോദിച്ചറിഞ്ഞു. വകുപ്പിനെ നേരത്തെ അറിയിച്ച ശേഷമാണ് സംഘമെത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ നാലുമിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംഘം ചോദിച്ചറിഞ്ഞു. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലേക്കെത്തിക്കാന്‍ ഇതുപോലെയുള്ള മേളകള്‍ സഹായിക്കുമെന്ന് സംഘത്തിലെ എലീന്‍ പറഞ്ഞു.