പെരുമ്പാവൂരിൽ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് 6,36,000 രൂപ തട്ടിയെടുത്ത കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബാങ്കിലെ അപ്രൈസർ സ്വർണമാണെന്ന് സർട്ടിഫൈ ചെയ്ത് നൽകി തട്ടിപ്പിന് കൂട്ടുനിൽക്കുകയായിരുന്നു.

കൊച്ചി: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മൂന്ന് പേരെ പിടികൂടി. കോതമംഗലം കുത്തുകുഴി സ്വദേശി ജഗദീഷ് (48), മലയക്കീഴ് സ്വദേശി രാജേഷ് തോമസ് (45), വാരപ്പെട്ടി സ്വദേശി രാജേഷ് വിജയൻ (46) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ മാസം 20ന് പെരുമ്പാവൂർ എ എം റോഡിലുള്ള ഫെഡറൽ ബാങ്കിൻ്റെ ശാഖയിലാണ് രാജേഷ് തോമസ്, രാജേഷ് വിജയൻ എന്നിവർ 73.2 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടങ്ങളുമായി എത്തി അത് പണയം വച്ച് ലോണായി 6,36,000 രൂപ കൈപ്പറ്റിയത്. ഇതേ ബാങ്കിലെ അപ്രൈസറായ ജഗദീഷ് മുക്കുപണ്ടം പരിശോധിച്ച് സ്വർണമാണെന്ന് സർട്ടിഫൈ ചെയ്ത് ബാങ്ക് ജീവനക്കാരെ കബളിപ്പിക്കുകയായിരുന്നു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എൽ അനിൽകുമാർ, എസ് ഐ മാരായ ജോജോ ജോർജ്, സുഭാഷ് തങ്കപ്പൻ, എ എസ് ഐ പ്രദീപ് കുമാർ, സി പി ഒമാരായ ഹാരിസ്, അജേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.