വിവാഹ വാർഷികത്തിന് വാങ്ങിയ കേക്കിൽ പൂപ്പലെന്ന് പരാതി. കാസർകോട് പരപ്പയിലാണ് സംഭവം

കാസർകോട്: വിവാഹ വാർഷികത്തിന് വാങ്ങിയ കേക്കിൽ പൂപ്പലെന്ന് പരാതി. കാസർകോട് പരപ്പയിലാണ് സംഭവം. കനകപ്പള്ളി സ്വദേശി സലീമിന്‍റെ പരാതിയിൽ ആരോഗ്യ വിഭാഗം ബേക്കറി പൂട്ടിച്ചു. പരപ്പയിലെ സ്വീറ്റി ബേക്കറിക്കെതിരെയാണ് നടപടി. കുട്ടികൾ ഉൾപ്പടെ കേക്ക് കഴിച്ചതിന് ശേഷമാണ് പൂപ്പൽ കണ്ടത്. കേക്ക് കഴിച്ച 6 പേർ ആശുപത്രിയിൽ ചികിത്സ തേടി. ശനിയാഴ്ച രാത്രിയാണ് സംഭവം. വിവാഹ വാർഷികത്തിനു സലീമിന്‍റെ ബന്ധുക്കൾ സമ്മാനമായി കേക്ക് വാങ്ങിച്ചു നൽകുകയായിരുന്നു.

കേക്ക് മുറിച്ച് കഴിച്ചപ്പോൾ രുചി വ്യത്യാസം തോന്നി പരിശോധിച്ചു. തുടർന്നാണ് പൂപ്പൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് വെള്ളരിക്കുണ്ട് ഹെൽത് ഇൻസ്‌പെക്ടർ ഭക്ഷ്യ വിഷബാധ ഉണ്ടെന്നു കണ്ടെത്തി. ബേക്കറി പ്രവർത്തിക്കുന്ന സ്ഥലം കിനാനൂർ - കരിന്തളമായതിനാൽ ഇവിടെയുള്ള ആരോഗ്യ വിഭാഗം ബേക്കറിയിൽ നടത്തിയ പരിശോധനയിൽ പഴകിയ സാധനങ്ങൾ കണ്ടെത്തി. തുടർന്ന് നോട്ടീസ് നൽകി പൂട്ടിക്കുകയായിരുന്നു.

YouTube video player