കൊല്ലം: കൂട്ടുകാരനെ സഹായിക്കാൻ പടിഞ്ഞാറെ കല്ലട എല്‍പി സ്കൂളിലെ കുട്ടികൾ ആരോഗ്യമന്ത്രിക്ക് കത്ത് എഴുതി. കത്ത് കിട്ടിയതോടെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയായ അശ്വിന്‍റെ ചികിത്സാചിലവ് സർക്കാർ ഏറ്റെടുത്തു. രണ്ട് വയസ്സ് പ്രായമുള്ളപ്പോഴാണ് അശ്വിന് സെറിബ്രൽ പാൾസി എന്ന രോഗം പിടിപ്പെട്ടത്. വളർച്ച മുരടിച്ചു സംസാരിക്കാനോ എഴുന്നേറ്റ് ഇരിക്കാനോ കഴിയാത്ത അവസ്ഥ. പെയിന്‍റിങ്ങ് തൊഴിലാളിയായ മധു മകന് കഴിയാവുന്നത്ര ചികിത്സനല്‍കി. ഒടുവില്‍ അശ്വിന്‍റെ അവസ്ഥ ആരോഗ്യമന്ത്രിയെ അറിയിക്കാൻ കൂട്ടുകാർ തീരുമാനിക്കുകയായിരുന്നു. 

അങ്ങനെ പടിഞ്ഞാറെ കല്ലട എല്‍ പി സ്കൂളിലെ മൂന്നാക്ലാസ്സിലെ വിദ്യാർത്ഥികള്‍ ആരോഗ്യമന്ത്രിക്ക് കത്ത് അയച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മറുപടി എത്തി. സാമുഹ്യസുരക്ഷാമിഷൻ കുട്ടിയുടെ ചികിത്സ ഏറ്റെടുക്കാൻ തീരുമാനിച്ചുവെന്നതായിരുന്നു മറുപടി. വി കേയർ പദ്ധതി പ്രകാരം ചികിത്സ നല്‍കാനാണ് സർക്കാരിന്‍റെ തീരുമാനം. വിദഗ്ദ ചികിത്സ നല്‍കിയാല്‍ അശ്വിന്‍റെ രോഗം ഭേദമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ. ആരോഗ്യവകുപ്പ് മന്ത്രിയെ നേരിട്ട് കണ്ട് നന്ദിപറയാനുള്ള തയ്യാറെടുപ്പിലാണ് അശ്വിന്‍റെ കൂട്ടുകാർ. 

വീഡിയോ കാണാം

"