ഉപയോഗിച്ചത് മിഠായി കവറുകളും മരുന്നുസ്ട്രിപ്പുകളും,പ്ലാസ്റ്റിക്ക് മാലിന്യത്തിൽനിന്ന് സ്പീഡ് ബോട്ടുമായി യുവാവ്
നാലടി വീതിയിലുമുള്ള ബോട്ടില്‍ നാലുപേര്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാമെന്നാണ് ടോണി തോമസ് പറയുന്നത്

അരൂർ: പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് സ്പീഡ് ബോട്ട് നിർമിച്ച് യുവാവ്. അരൂർ ഗ്രാമപഞ്ചായത്ത് 21-ാം വാർഡിൽ നടുവിലെ വീട്ടിൽ ടോണി തോമസാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് രാസപരിവർത്തനങ്ങൾ നടത്തി ബോട്ട് നിർമിച്ചത്. കർണ്ണാടകയിലെ ചില സ്ഥാപനങ്ങളിൽ പോയപ്പോഴാണ് എം.എൽ പ്ലാസ്റ്റിക്കുപയോഗിച്ച് ബോർഡുകള്‍ നിർമിക്കുന്നത് കണ്ടത്. 2023 ജൂണിൽ ബോട്ടിന്‍റെ രൂപരേഖയടക്കം തയാറാക്കി. തുടര്‍ന്ന് ഇരുമ്പിന്‍റെ ചട്ടക്കൂട് ഉണ്ടാക്കി. 110 കിലോ എംഎൽ പ്ലാസ്റ്റിക്കുകൾ ഉപയോഗിച്ച് നിർമിച്ച ബോർഡുപയോഗിച്ച് ഇരുമ്പ് ചട്ടക്കൂടിന് കവചം തീർത്തു. ബോട്ടിന്‍റെ ഭൂരിഭാഗം ജോലികളും മൂന്നുമാസം കൊണ്ട് തീർത്തു. അവസാനമിനുക്കുപണിയിൽ ഗ്രീൻ ബോട്ട് എന്നെഴുതാനും പെയിൻറിങ്ങിനും മാത്രം ഒരാളുടെ സഹായം തേടി. എട്ടടി നീളത്തിലും നാലടി വീതിയിലുമുള്ള ബോട്ട് പൂർത്തീകരിച്ചപ്പോൾ ഒന്നരലക്ഷം രൂപയോളം ചെലവായി. ഈ ബോട്ടില്‍ നാലുപേർക്ക് വരെ സുരക്ഷിതമായി സഞ്ചരിക്കാം.
മിഠായി കവർ, അലോപ്പതി മരുന്നുകളുടെ സ്ട്രിപ്പുകൾ, ബിസ്കറ്റ് കവർ, കറിപ്പൗഡറുകളുടെയും വിവിധ ആഹാരസാധനങ്ങൾ വില്‍ക്കുന്നവയുടെയും കവറുകള്‍ എന്നിവയാണ് അസംസ്കൃത വസ്തുക്കൾ. മൾട്ടി ലെവൽ പ്ലാസ്റ്റിക് എന്ന് അറിയപ്പെടുന്ന ഇവയാണ് പ്രധാനമായും ബോട്ട് നിർമാണത്തിന് ഉപയോഗിച്ചത്. കായലിൽ പരീക്ഷണ ഓട്ടം നടത്തിയ ഈ സ്പീഡ് ബോട്ട് വിജയകരമാണ്. സർക്കാറിന്‍റെ മുന്നിൽ ഇവ അവതരിപ്പിച്ച് കുറഞ്ഞ ചെലവിൽ കൂടുതൽ കാലം നിലനിൽക്കുന്നതും പുനരുപയോഗിക്കാവുന്നതുമായ ഗ്രീൻ ബോട്ടുകൾ നിർമിക്കുന്നതിന് ആവശ്യമായ സഹായങ്ങൾക്ക് കാത്ത് നിൽക്കുകയാണ് 26കാരനായ ഈ യുവാവ്. അച്ഛന്‍ തോമസിന് അരൂർ കൈതപ്പുഴ കായലോരത്ത് സീമേറ്റ് എന്നപേരിൽ ബോട്ടുകൾ നന്നാക്കുന്ന യാർഡുണ്ട്. ചെറുപ്പം മുതൽ യാർഡിൽ ടോണിയുമുണ്ട്. എട്ട് വർഷത്തോളമായി മറൈൻ ഫീൽഡിലാണ് പ്രവർത്തനം. അമ്മ പുഷ്പ, അച്ഛൻ തോമസ്, സഹോദരികളായ സോണ, ഡോണ എന്നിവരും ടോണിയുടെ സഹായത്തിനുണ്ട്.