ഗുണമേന്മയുള്ള വിത്തുകൾ മുതൽ മലേഷ്യൻ തെങ്ങിൻ തൈ വരെ, വിശ്വാസ്യതയ്ക്ക് ഐഡി കാർഡും; നിരവധിപ്പേർ വീണുപോയ തട്ടിപ്പ്
തിരുവല്ല വേങ്ങൽ സ്വദേശിയിൽ നിന്ന് തട്ടിയത് ആറ് ലക്ഷത്തിലധികം രൂപ. പെരുമ്പെട്ടി സ്വദേശിക്ക് നഷ്ടമായത് 60 ലക്ഷം.

പത്തനംതിട്ട: മണ്ണുത്തിയിലെ കേരള അഗ്രികൾച്ചറൽ ഫാമിന്റെ വ്യാജ തിരിച്ചറിയൽ രേഖയുണ്ടാക്കി ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ പത്തനംതിട്ട പുന്നവേലി സ്വദേശി അറസ്റ്റിൽ. മലേഷ്യൻ തെങ്ങിൻ തൈ ഉൾപ്പെടെ ഗുണമേന്മയുള്ള കാർഷിക വിളകൾ നൽകാമെന്ന് വിശ്വസിപ്പിച്ചാണ് സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടത്തിയത്.
പുന്നവേലി സ്വദേശി വി.പി. ജെയിംസിനെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. കേരള അഗ്രികൾച്ചറൽ ഫാമിന്റെ വ്യാജ തിരിച്ചറിയൽ രേഖയുമായി വാട്സ്ആപ് മുഖേനയും അല്ലാതെയും ആളുകളെ പരിചയപ്പെടും. ഗുണമേന്മയുള്ള വിത്തിനങ്ങൾ തന്റെ പക്കലുണ്ടെന്ന് വിശ്വസിപ്പിക്കും. പണം വാങ്ങി മുങ്ങും. മലേഷ്യൻ തെങ്ങിൻ തൈ നൽകാമെന്ന് പറഞ്ഞ് തിരുവല്ല വേങ്ങൽ സ്വദേശിയിൽ നിന്ന് തട്ടിയത് ആറ് ലക്ഷത്തിലധികം രൂപ. പെരുമ്പെട്ടി സ്വദേശിക്ക് നഷ്ടമായത് 60 ലക്ഷം.
റംബൂട്ടാനും ജാതിയും തെങ്ങും പ്ലാവും എല്ലാം നൽകാമെന്ന് പറഞ്ഞ് സംസ്ഥാന വ്യാപകമായി പലരെയും പറ്റിച്ചു. പൊലീസിന് നിലവിൽ കിട്ടിയ പരാതികൾ പ്രകാരം ഒരു കോടി 20 ലക്ഷം രൂപയുടെ തട്ടിപ്പ് ജെയിംസ് നടത്തിയിട്ടുണ്ട്. വേറെയും പരാതികൾ വരുമെന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാരെ പറ്റിച്ച പണം ആഡംബര ജീവിതം നയിക്കാനാണ് പ്രതി ഉപയോഗിക്കുന്നത്. ലോട്ടറി എടുക്കുന്ന ശീലവുമുണ്ട്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഡോക്ടറെ ഭീഷണിപ്പെടുത്തി; കാസർകോട് ജില്ലാ പഞ്ചായത്തംഗത്തിനെതിരെ വീണ്ടും കേസ്
കാസർകോട്: മഞ്ചേശ്വരം എസ്ഐ അനൂപിനെ ആക്രമിച്ച കേസിലെ പ്രതിയും ജില്ലാ പഞ്ചായത്ത് അംഗവുമായ അബ്ദുൾ റഹ്മാനെതിരെ വീണ്ടും കേസ്. മംഗൽപ്പാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്. മകളുടെ ചികിത്സക്കായി എത്തിയ ഇയാൾ ഡോക്ടറോടും ഫാർമസിസ്റ്റിനോടും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. എന്നാൽ ഡോക്ടർ കുറിച്ച മരുന്ന് ഫാർമസിയിൽ ഇല്ലാത്തതിനാൽ കാര്യങ്ങൾ ചോദിക്കുക മാത്രമാണുണ്ടായത് എന്നാണ് അബ്ദുൾ റഹ്മാൻ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...