കോഴിക്കോട്: ജില്ലയില്‍ പ്രളയത്തില്‍ തകര്‍ന്ന 11 റോഡുകളുടെ പുനര്‍നിർമ്മാണത്തിന് ജില്ലാപഞ്ചായത്ത് 2.72 കോടി രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അറിയിച്ചു. ആസൂത്രണസമിതിയുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് പ്രവൃത്തി ആരംഭിക്കും. 

2019 ഓഗസ്റ്റില്‍ പ്രളയത്തില്‍ തകര്‍ന്ന വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് മാടഞ്ചേരി റോഡിനായി 50 ലക്ഷം രൂപയാണ് അനുവദിച്ചത്. ഉരുള്‍പ്പെട്ടലില്‍ വിലങ്ങാട് റോഡും റോഡിന്റെ സംരക്ഷണ ഭിത്തിയും പൂര്‍ണമായും തകരുകയും ഗതാഗതം നിലച്ചിരിക്കുകയുമാണ്. കാലവര്‍ഷ കെടുതിയില്‍ തകര്‍ന്ന ചെറുവണ്ണൂര്‍ തുറയൂര്‍ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്ന് പോവുന്ന പാലച്ചുവട് മുയിപ്പോത് റോഡിനായി 42 ലക്ഷം രൂപ അനുവദിച്ചു.

പുതുപ്പാടി പഞ്ചായത്തിലെ പുല്ലാഞ്ഞിമേട് അമ്പായത്തോട് റോഡിന് 25 ലക്ഷം, താഴെ കണ്ടി ആര്യം കുന്നത്ത് റോഡിന് 25 ലക്ഷം, ആയഞ്ചേരി, വില്യാപ്പള്ളി പഞ്ചായത്തുകളിലെ തിരുവോത്ത് മുക്ക് -കുയ്യോലില്‍ മുക്ക് റോഡിന് 20 ലക്ഷം, ചങ്ങരോത്ത്  ഗ്രാമപഞ്ചായത്തിലെ ചെറിയ കുമ്പളം -തോട്ടത്താന്‍ കണ്ടി റോഡിനു 20 ലക്ഷം,  കുന്നമംഗലം പഞ്ചായത്തിലെ ഉണ്ടൊടിക്കടവ് റോഡിന് 20 ലക്ഷം അനുവദിച്ചു.

കുന്നുമ്മല്‍  പഞ്ചായത്തിലെ പഹയന്റെ മുക്ക് സംസ്‌കൃതം സ്‌കൂള്‍ മലയില്‍പ്പടിക റോഡിന് 20 ലക്ഷം, ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ അത്താണി -പനമരം റോഡിന് 15 ലക്ഷം, നാദാപുരം പഞ്ചായത്തിലെ അമ്പലക്കണ്ടി മുക്ക് -വാരിക്കോളി കനാല്‍ റോഡിന് 15 ലക്ഷം,  ആയഞ്ചേരി -വില്യാപ്പള്ളി പഞ്ചായത്തിലെ കൊയിലോത്ത് മുക്ക് -ചാമാണിപാറ റോഡിന് 10 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്. ഒളവണ്ണ പഞ്ചായത്തിലെ പൂളേങ്കര - ചാലി ബണ്ട് നിര്‍മ്മാണത്തിന്  10 ലക്ഷവും അനുവദിച്ചു.