അവസാന വര്‍ഷ നിയമബിരുദ വിദ്യാര്‍ഥിയായിരുന്ന ഇവരുടെ മകൻ ശ്രീദേവ് ഫെബ്രുവരി മൂന്നിനാണ് മരിച്ചത്. നെഞ്ചുവേദനയെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും കൃത്യമായ പരിചരണം കിട്ടിയില്ലെന്നായിരുന്നു മാതാപിതാക്കളുടെ വേദന. 

തിരുവനന്തപുരം: മകന്റെ വേർപാടിൽ മനംനൊന്ത് മരിച്ച തിരുവനന്തപുരം മുട്ടട സ്വദേശികളായ സ്നേഹദേവിനും ഭാര്യ ശ്രീകലയ്ക്കും നാടിന്റെ യാത്രാമൊഴി. മകനെ സംസ്കരിച്ച ശ്മശാനത്തിലായിരുന്നു ഇരുവരുടേയും സംസ്കാരം. ഉച്ചയ്ക്ക് ഒരു മണിയോടെ ഇരുവരുടെയും മൃതദേഹങ്ങൾ വീട്ടിലെത്തിച്ചപ്പോൾ ഉറ്റവർ വിങ്ങിപ്പൊട്ടി. ഇന്നലെയാണ് അരുവിപ്പുറം ക്ഷേത്രത്തിന് സമീപത്തെ കടവിൽ നിന്ന് മൃതദേഹങ്ങൾ കിട്ടിയത്. സമീപത്ത് നിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിരുന്നു. 

അവസാന വര്‍ഷ നിയമബിരുദ വിദ്യാര്‍ഥിയായിരുന്ന ഇവരുടെ മകൻ ശ്രീദേവ് ഫെബ്രുവരി മൂന്നിനാണ് മരിച്ചത്. നെഞ്ചുവേദനയെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും കൃത്യമായ പരിചരണം കിട്ടിയില്ലെന്നായിരുന്നു മാതാപിതാക്കളുടെ വേദന. ​മകന്‍റെ പേരില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങി വര്‍ഷങ്ങളോളം നിര്‍ധനരായ നിരവധി പേര്‍ക്ക് സഹായമുറപ്പാക്കാന്‍ പണം നിക്ഷേപിച്ചാണ് ഇരുവരും ജീവനൊടുക്കിയത്.

മുട്ടട അറപ്പുറം ലൈനിലൂടെ നടന്ന് എസ്‍ ഡികെ സദനത്തിലേക്ക് കടക്കുമ്പോൾ ആദ്യം കാണുന്നത് ശ്രീദേവ് സ്നേഹദേവ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് എന്ന ബോർഡാണ്. ശ്രീദേവ് ഉപയോഗിച്ചിരുന്ന കാർ ഇപ്പോഴും പോർച്ചിൽ കിടക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയത്താണ് ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി ശ്രീദേവിന്‍റെ പെട്ടെന്നുളള മരണം. ലോ അക്കാദമിയിൽ അവസാന വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു ശ്രീദേവ്. ഒരു രാത്രിയിൽ പെട്ടെന്ന് തളർന്ന് വീണായിരുന്നു ശ്രീദേവ് മരിച്ചത്. ഇതോടെ സ്നേഹദേവിന്‍റെയും ശ്രീകലയുടേയും ജീവിതവും കീഴ്മേൽ മറിഞ്ഞു. ഏക മകന്‍റെ വിയോഗം ഇരുവർക്കും താങ്ങാൻ കഴിയുന്നതായിരുന്നില്ല. ടൂഷൻ സെന്‍ററുകളിലെ അധ്യാപക ജോലി രണ്ട് പേരും നിര്‍ത്തി. മകന്‍റെ ഓർമ്മ എന്നും നിലനിര്‍ത്താൻ ട്രസ്റ്റ് രൂപീകരിച്ച് പാവപ്പെട്ടവര്‍ക്ക് അത്താണിയായി. 

ശ്രീദേവിന്‍റെ ഒന്നാം ചരമവാർഷികം അടുത്തിരിക്കെ ഒരു തീർത്ഥാടന യാത്ര പോകുമെന്ന് അടുത്തിടെ ബന്ധുക്കളോട് സൂചിപ്പിച്ചിരുന്നു. ബുധനാഴ്ച വൈകിട്ട് വരെ ഇരുവരും വീട്ടിൽ ഉണ്ടായിരുന്നു. യാത്ര പറയാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ് രാത്രിയിൽ ഫോണിൽ സന്ദേശം അയച്ചപ്പോൾ അത് എന്നത്തേക്കുമുള്ള യാത്ര പറച്ചിലെന്ന് പക്ഷേ ബന്ധുക്കളും അറിഞ്ഞില്ല. ജീവിതത്തിലെന്ന പോലെ പരസ്പരം കൈകൾ കോർത്ത് പിടിച്ചാണ് ഇരുവരും മരണത്തിന്റെ ആഴങ്ങളിലേക്കിറങ്ങിയത്. സ്കൂളിൽ പഠിക്കുമ്പോൾ ശ്രീദേവ് ഉപയോഗിച്ചിരുന്ന ബെൽറ്റ് അപ്പോഴും സ്നേഹദേവിന്‍റെ അരയിൽ ഉണ്ടായിരുന്നു. 

സംവിധായകൻ ഷാഫിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ല; ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് ബി ഉണ്ണികൃഷ്ണൻ

https://www.youtube.com/watch?v=Ko18SgceYX8