മാരാരിക്കുളം: കഞ്ചാവ് വില്‍പ്പനയ്ക്കെതിരെ പരാതി നല്‍കിയതിന് സൈനികനെ ഓണാഘോഷ പരിപാടിക്കിടയില്‍ കുത്തി. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. എസ്എല്‍പുരം തോട്ടുചിറ വെളി അരുണ്‍ മോഹ(25)നാണ് കുത്തേറ്റത്.  എസ്എല്‍പുരം നടിച്ചിറ വീട്ടില്‍ എസ് അജിത് (26), തൈയ്യില്‍ വീട്ടില്‍ പി ഹരികുമാര്‍ (21) എന്നിവരെയാണ്  മാരാരിക്കുളം പൊലീസ് പിടികൂടിയത്.

മാരാരിക്കുളം കളിത്തട്ടിന് പടിഞ്ഞാറ് വ്യാഴം രാത്രിയായിരുന്നു സംഭവം. മാരാരിക്കുളത്തെ കഞ്ചാവ് മാഫിയക്കെതിരെ അരുണ്‍ മോഹന്‍റെ അച്ഛന്‍ മോഹനന്‍ പരാതി നല്‍കിയിരുന്നു. എസ്എല്‍പുരത്തെ ക്ലബിന്‍റെ ഓണാഘോഷ പരിപാടി കാണാനെത്തിയ മോഹനനെ ഉപദ്രവിക്കുന്നത് കണ്ട് തടയാനെത്തിയപ്പോഴാണ് അരുണിന് കുത്തേറ്റത്.

അരുണ്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നാസിക്കില്‍ എയര്‍ഫോഴ്‌സില്‍ ജോലി ചെയ്യുന്ന അരുണ്‍ വെളളിയാഴ്ച മടങ്ങി  പോകേണ്ടതായിരുന്നു. അക്രമിസംഘത്തിലുണ്ടായിരുന്ന  മറ്റ് മൂന്ന് പേര്‍ ഒളിവിലാണ്. കഞ്ചാവ് കേസുകളിലും വധശ്രമ കേസുകളിലെയും പ്രതികളാണിവര്‍.