Asianet News MalayalamAsianet News Malayalam

അങ്കമാലിയിൽ ഗുണ്ടാ നേതാവിനെ വെട്ടികൊന്ന സംഭവം; രണ്ടു പേര്‍ അറസ്റ്റിൽ, കാരണം കുടിപ്പകയെന്ന് പൊലീസ്

തിരുത്തിശ്ശേരി വിനു വിക്രമനാണ് ഇന്ന് പുലർച്ചെ കൊല്ലപ്പെട്ടത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി വിനുവിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.

Gang leader murdered in angamaly, 2 arrested, reason gang rivalry
Author
First Published Apr 10, 2024, 6:08 PM IST

കൊച്ചി: അങ്കമാലി നെടുമ്പാശ്ശേരിക്ക് സമീപം കുറുമശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റിൽ. നിധിൻ, ദീപക് എന്നിവരെയാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും കൊട്ടേഷന്‍ ഗുണ്ടകളാണെന്ന് പൊലീസ് അറിയിച്ചു. ഗുണ്ടകള്‍ക്കിടയിലെ കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്നും അന്വേഷണസംഘം വ്യക്തമാക്കി. തിരുത്തിശ്ശേരി വിനു വിക്രമനാണ് ഇന്ന് പുലർച്ചെ കൊല്ലപ്പെട്ടത്. 2019 ൽ ഗില്ലാപ്പി ബിനോയി എന്ന ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട വിനു. 


തിരുക്കൊച്ചിയിലെ ബാറിൽ ഇന്നലെ മദ്യപിക്കുന്നതിനെ ഒരാളെത്തി ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയ വിനുവിനെ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടത്. കുറുമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയ്ക്ക് മുന്നിലിട്ടാണ് കൊലപാതകം നടത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി വിനുവിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. ദേഹമാസകലം വെട്ടി പരുക്കേൽപ്പിച്ചിട്ടുണ്ട്. അത്താണി സിറ്റിബോയ്സ് എന്ന പേരിലുള്ള ക്രിമിനൽ സംഘത്തിലെ പ്രധാനിയായിരുന്നു വിനു. 

2019 ൽ ഈ സംഘത്തിന്‍റെ തലവൻ ഗില്ലപ്പി ബിനോയി വെട്ടേറ്റ് മരിച്ചിരുന്നു. ഈ കേസിൽ ഒന്നാം പ്രതിയാണ് വിനു. പിന്നീട് ജാമ്യത്തിലിറങ്ങിയ വിനു ബാറുകളിലും  പാറമടകളിളും ഭീഷണിയുണ്ടാക്കി പണപ്പിരിവുനട്തതിയിരുന്നു. മയക്കുമരുന്ന് ഇടപാടും സംഘം നടത്തിയതായാണ് പൊലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം വിനു ചില സംഘവുമായി തർക്കത്തിലേപ്പെട്ടിരുന്നു. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. വിനുവിനെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Follow Us:
Download App:
  • android
  • ios