2018 ഡിസംബര്‍ 4 നാണ് കല്ലാച്ചിയിലെ റിന്‍സി ജ്വല്ലറിയുടെ പിന്‍ ഭാഗത്തെ ചുമര്‍ കുത്തിതുറന്ന് സ്വര്‍ണാഭരണവും, പണവും കവര്‍ന്നത്. ഒരാഴ്ചയോളം മോഷണത്തിന് യാതൊരു തെളിവും ലഭിച്ചില്ല. പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ അതി വിദഗ്ദമായാണ് മോഷണം നടത്തി കടന്നത്. 

കോഴിക്കോട്: കല്ലാച്ചിയില്‍ ജ്വല്ലറി കുത്തി തുറന്ന് മുക്കാല്‍ കോടിയുടെ സ്വര്‍ണ്ണാഭരണങ്ങളും വെള്ളിയും പണവും കവര്‍ന്ന കേസില്‍ തമിഴ്‌നാട് സ്വദേശികളായ മൂന്നംഗ അന്തര്‍ സംസ്ഥാന മോഷണ സംഘം അറസ്റ്റില്‍. തമിഴ്‌നാട് തിരുവള്ളൂര്‍ ജില്ലയിലെ പാക്കം സ്വദേശി അഞ്ച് പുലി എന്ന അഞ്ചാം പുലി ( 52 ) വീരുപ്പുറം ജില്ലയിലെ കോട്ടുമേട് സ്വദേശി രാജ (31) മധുര ജില്ലയിലെ പുതൂര്‍ സ്വദേശി സൂര്യ (22) എന്നിവരെയാണ് കേസന്വേഷണ തലവന്‍ നാദാപുരം എസ് ഐ എന്‍ പ്രജീഷും സംഘവും അറസ്റ്റ് ചെയ്തത്. 

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിന്നാണ് മോഷണ സംഘത്തിലെ പ്രതികളെ പിടികൂടിയത്. 2018 ഡിസംബര്‍ 4 നാണ് കല്ലാച്ചിയിലെ റിന്‍സി ജ്വല്ലറിയുടെ പിന്‍ ഭാഗത്തെ ചുമര്‍ കുത്തിതുറന്ന് സ്വര്‍ണാഭരണവും, പണവും കവര്‍ന്നത്. ഒരാഴ്ചയോളം മോഷണത്തിന് യാതൊരു തെളിവും ലഭിച്ചില്ല. പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ അതി വിദഗ്ദമായാണ് മോഷണം നടത്തി കടന്നത്. മോഷണത്തിന് ശേഷം കല്ലാച്ചി പയന്തോംഗിലെത്തിയ സംഘം പുലര്‍ച്ചെ 5.40 നുള്ള കെ എസ് ആര്‍ ടി സി ബസ്സില്‍ വടകര എത്തുകയും പിന്നീട് ട്രയിനില്‍ കുറ്റിപ്പുറത്തെത്തി വളാഞ്ചേരിയിലെത്തുകയുമായിരുന്നു. റൂറല്‍ എസ് പി ജി ജയദേവിന്റെ നേതൃത്വത്തില്‍ നാദാപുരം ഡി വൈ എസ് പി ഇ സുനില്‍ കുമാറിന്റെ കീഴിലാണ് പോലീസ് സംഘം അന്വേഷണം നടത്തിയത്. 

തൃശ്ശൂര്‍ ജില്ലയിലെ ഒല്ലൂരിലെ അന്ന, ആത്മിക എന്നീ ജ്വല്ലറികളില്‍ നിന്ന് അഞ്ച് കിലോ വെള്ളി ആഭരണങ്ങളും 585000 രൂപയും കവര്‍ന്ന കേസിലും, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പുളിക്കലിലെ എസ് എം ജ്വല്ലറി കുത്തി തുറന്ന് 350 ഗ്രാം സ്വര്‍ണാഭരണം കവര്‍ന്ന കേസിലും പ്രതികളാണ് അറസ്റ്റിലായവര്‍. 2008 ഒക്ടോബറില്‍ കണ്ണൂര്‍ പൊന്യം സര്‍വീസ് സഹകരണ ബാങ്ക് കുത്തി തുറന്ന് 24 കിലോ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസിലെ മുഖ്യ പ്രതിയാണ് കവര്‍ച്ചാ സംഘ തലവന്‍ അഞ്ചാം പുലി. 25 വര്‍ഷത്തോളമായി തമിഴ്‌നാട്ടിലെ വിവിധ സംഘങ്ങളോടൊപ്പം കേരളത്തിലെത്തി നിരവധി കവര്‍ച്ചകള്‍ നടത്തി പൊലീസിന് പിടി നല്‍കാതെ കഴിയുകയായിരുന്നു ഇവര്‍. 

കല്ലാച്ചി കവര്‍ച്ചയ്ക്ക് ശേഷം കോഴിക്കോട് ജില്ലയിലെ ചേളന്നുരി ലെ കുമാരസ്വാമി ജ്വല്ലറിയില്‍ മോഷണം നടത്താന്‍ പദ്ധതിയിട്ട് നടപ്പിലാക്കുന്നതിനിടയിലാണ് സംഘം പിടിയിലായത്. ഇവരെ കൂടാതെ കൂട്ട് പ്രതികളെ കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി കല്ലാച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തമിഴ് നാട് സ്വദേശിയുടെ സഹായത്തോടെയാണ് ഇവിടെ കവര്‍ച്ച നടപ്പാക്കിയത്. ഇവരെ പിടികൂടുന്നതിന് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.