Asianet News MalayalamAsianet News Malayalam

അഗ്നിപുഷ്പം വിരിഞ്ഞു നിൽക്കുന്നത് കാണണോ..? വണ്ടൂരിലേക്ക് വരൂ!

ഫിലിപ്പൈൻസിൽനിന്നെത്തിയ കാട്ടുചെടിയായ സ്‌കാർലെറ്റ് ജെയ്ഡ് വൈൻ എന്ന അഗ്നിപുഷ്പം വിടർന്നൊരുക്കിയ തീപ്പന്തലാണ് സുനിൽ കുമാറിന്റെ വീട്ടിൽ നിവര്‍ന്ന് നിൽക്കുന്നത്.

garden full of scarlet jade vine in Wandoor Malappuram
Author
First Published Sep 13, 2022, 12:51 PM IST

മലപ്പുറം: അഗ്നിപുഷ്പം വിരിഞ്ഞു നിൽക്കുന്നത് കണ്ടിട്ടുണ്ടോ നിങ്ങൾ..? പുഷ്പം വിരിഞ്ഞു നിൽക്കുന്നത് മാത്രമല്ല, അസ്സൽ തീപ്പന്തം പോലൊരു പന്തലിലൂടെ നടക്കുകയും ചെയ്യാം. ഇതെല്ലാം ആസ്വദിക്കാൻ വേണ്ടത് ഇത്രമാത്രം, മലപ്പുറം വണ്ടൂരിലേക്ക് വണ്ടി കയറണം. വണ്ടൂർ നടുവത്ത് സ്വദേശി ടി സുനിൽ കുമാറിന്റെ വീട്ടിലെത്തിയാലാണ് മനോഹരമായ ഈ കാഴ്ച കാണാനാകുക. ഫിലിപ്പൈൻസിൽനിന്നെത്തിയ കാട്ടുചെടിയായ സ്‌കാർലെറ്റ് ജെയ്ഡ് വൈൻ എന്ന അഗ്നിപുഷ്പം വിടർന്നൊരുക്കിയ തീപ്പന്തലാണ് സുനിൽ കുമാറിന്റെ വീട്ടിൽ നിവര്‍ന്ന് നിൽക്കുന്നത്. നിലമ്പൂർ സഹകരണ അസി. രജിസ്ട്രാറായ സുനിൽകുമാർ ഓൺലൈനിലൂടെയാണ് സ്‌കാർലെറ്റ് ജെയ്ഡ് വൈൻ എന്ന ചെടിയുടെ തൈ വരുത്തിയത്.

നാല് വർഷത്തെ പരിപാലനത്തിനുശേഷമാണ് ചെടി പുഷ്പ്പിച്ചത്. ചുവപ്പ് കലർന്ന ഓറഞ്ച് നിറത്തിൽ കുലകളായി വിടർന്ന് തൂങ്ങിനിൽക്കുന്ന പൂക്കൾ കണ്ടാൽ തീനാളം പോലെ തന്നെ തോന്നും. പൂങ്കുലകൾ 15 മുതൽ 30 ദിവസംവരെ വാടാതെ നിൽക്കുകയും ചെയ്യും. ഒരടിയിലേറെ നീളമുള്ള പൂങ്കുലകൾ തത്തമ്മയുടെ ചുണ്ടിന് സമാനമാണ്. പയർ പൂവിന്റെ ആകൃതിയാണ് ഇവയ്ക്ക്. വവ്വാലിലൂടെയാണ് പരാഗണം നടക്കുന്നത്. വിവിധ രാജ്യങ്ങളില മരമുന്തിരി, റൂബി ലോംഗൻ, കെപ്പൽ, മക്കോട്ടദേവ, റംബുട്ടാൻ, അച്ചാചെറു, അബിയു, വെണ്ണപ്പഴം (അവാക്കോഡ), ലോംഗൻ, മിറാക്കിൾ ഫ്രൂട്ട്, ഡ്രാഗൺഫ്രൂട്ട്, ഇലന്തപ്പഴം തുടങ്ങി അമ്പതിലേറെ വിദേശ പഴങ്ങൾ ഇദ്ദേഹത്തിന്റെ തോട്ടത്തിലുണ്ട്. 12 ഇനം പ്ലാവുകളും 25 ഇനം ഡ്രാഗൺ ഫ്രൂട്ടുമുണ്ട് ഇവരുടെ ഉദ്യാനത്തിൽ. സുനിൽകുമാറിനെ സഹായിക്കാൻ ഭാര്യ വണ്ടൂർ ഗവ. വിഎംസി ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപിക കെ ശ്രീജയും മക്കളായ അതുൽ കൃഷ്ണയും അമൽ കൃഷ്ണയും ഒപ്പമുണ്ട്.

Follow Us:
Download App:
  • android
  • ios