Asianet News MalayalamAsianet News Malayalam

നൗഷാദിന്റെ ഓര്‍മക്കായി നിര്‍മിച്ച ബസ് ബേയിലെ അലങ്കാര ചെടികള്‍ വെട്ടിനശിപ്പിച്ച് തീയിട്ട് അജ്ഞാതർ

നൗഷാദ് മെമ്മോറിയില്‍ ബസ് ബേയ്ക്ക് സമീപമം വച്ചുപിടിപ്പിച്ച അലങ്കാര ചെടികളും മുളങ്കൂട്ടങ്ങളും ഉള്‍പ്പെടെയുള്ളവയാണ് കഴിഞ്ഞ ദിവസം അജ്ഞാതർ വെട്ടിനശിപ്പിച്ച് തീയിട്ടത്

garden in bus bay built in tribute to  autorickshaw driver P Noushad who died while attempt to rescue migrant worker from manhole burned in kozhikode
Author
First Published Aug 18, 2024, 10:27 AM IST | Last Updated Aug 18, 2024, 10:27 AM IST

കോഴിക്കോട്: മാന്‍ഹോളില്‍ ശുചീകരണ പ്രവര്‍ത്തിക്കിടെ കുടുങ്ങിപ്പോയ അതിഥി തൊഴിലാളിയെ രക്ഷിക്കുന്നതിനിടെ മരിച്ച നൗഷാദിന്റെ ഓര്‍മക്കായി കോഴിക്കോട് പാവങ്ങാട് നിര്‍മിച്ച ബസ് ബേ അലങ്കോലമാക്കി സാമൂഹ്യവിരുദ്ധര്‍. നൗഷാദ് മെമ്മോറിയില്‍ ബസ് ബേയ്ക്ക് സമീപമം വച്ചുപിടിപ്പിച്ച അലങ്കാര ചെടികളും മുളങ്കൂട്ടങ്ങളും ഉള്‍പ്പെടെയുള്ളവയാണ് കഴിഞ്ഞ ദിവസം അജ്ഞാതർ വെട്ടിനശിപ്പിച്ച് തീയിട്ടത്. ഇവിടെ നിത്യേന എത്തുകയും വിശ്രമിക്കുകയും ചെയ്യുന്ന ചിലര്‍ തന്നെയാണ് ഈ കൃത്യം നടത്തിയതെന്നാണ് പരാതി ഉയരുന്നത്. 

സംഭവത്തെ തുടര്‍ന്ന് ഡിവിഷന്‍ കൗണ്‍സിലര്‍ പി പ്രസീന ആരോഗ്യവിഭാഗത്തിന് പരാതി നല്‍കിയിരുന്നു. അന്വേഷിക്കാനായി സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരോട് ഈ സംഘം തട്ടിക്കയറിയതായും സൂചനയുണ്ട്. സര്‍ക്കാര്‍ വന്‍ തുക ചിലവഴിച്ചാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതിന്റെ നിർമ്മാണം പൂര്‍ത്തിയാക്കിയത്. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ബസ് ബേ നിര്‍മിച്ചത്. പിന്നീട് ഇതിന് മോടി കൂട്ടാനും ആളുകള്‍ക്ക് സായാഹ്നങ്ങളില്‍ വന്നിരിക്കാനുമായി വിലപിടിപ്പുള്ള അലങ്കാര ചെടികളും മറ്റും വച്ചുപിടിപ്പിക്കുകയായിരുന്നു. 

ബസ് ബേ പരിസരത്തെ ചെടികളും മറ്റും സംരക്ഷിക്കാനായി സര്‍ക്കാര്‍ അനുമതിയോടെ ഒരു കമ്മിറ്റിയും രൂപീകരിച്ചിരുന്നു. എല്ലാ മാസവും ശുചീകരണവും അറ്റകുറ്റപ്പണികളും വൈദ്യുതി ബില്ല് അടയ്ക്കുന്നതും ഉള്‍പ്പെടെയുള്ള ചുമതല ഈ കമ്മിറ്റിക്കായിരുന്നു. ഇതിനിടയിലാണ് ഏതാനും പേര്‍ ചേര്‍ന്ന് ബസ് ബേ ഇത്തരത്തിൽ നശിപ്പിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios