ഇടുക്കി: കനത്ത മഞ്ഞ് വീഴ്ചയും അതിശൈത്യവും തുടരുന്ന മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ക്ക് ദൃശ്യഭംഗി ഒരുക്കി ടൗണിന്റെ ഹൃദയഭാഗത്തെ പൂന്തോട്ടം. സന്ദർശകരുടെ മനം കവരുകയാണ് പൂന്തോട്ട വസന്തം. മുന്നാര്‍ പുഴയുടെ തീരത്ത് പഴയ  കുണ്ടള മോണോ റെയില്‍വേയുടെ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് അതി മനോഹരമായ ഈ പുന്തോട്ടം.

കെഡിഎച്ച്പി കമ്പനിയുടെ ആസ്ഥാന മന്ദിരത്തിനോടും കമ്പനിയുടെ റിപ്പിള്‍ ചായ ബസാറിനോടും ചേര്‍ന്നാണ് പൂന്തോട്ടം സ്ഥിതി ചെയ്യുന്നത്. മഞ്ഞ് കാലത്ത് വിവിധ തരത്തിലും, വര്‍ണ്ണങ്ങളിലുമുള്ള പുഷ്പങ്ങള്‍ ഇവിടെ വിരിഞ്ഞ് നില്‍ക്കുന്നു. 

കുണ്ടള വാലി മോണോ റെയില്‍ വേ 1909 ല്‍ തുടങ്ങുമ്പോള്‍ ഇവിടെ നിന്നും ടോപ്പ് സ്റ്റേഷനിലേക്ക് ചരക്ക് ഗതാഗതവും യാത്രക്കാരെയും കൊണ്ടു പോയിരിന്നു. പിന്നീട് 1924-ലെ വെള്ളപ്പൊക്കത്തില്‍ റെയില്‍വേ തകരുകയായിരുന്നു. ഈ മനോഹര പൂന്തോട്ടം ബിബിസി ടിവി അവതാരകനായ മോണ്‍ണ്ടി ഡോണിന്റെ 'അറൌണ്ട് ദ വേൾഡ് ഇൻ 80 ഗാർഡൻ'( around the world in 80 garden) പട്ടികയില്‍ ഇടം നേടിയിരുന്നു.