ആയിരത്തിൽപ്പരം പ്ലാസ്റ്റിക് കുപ്പികൾക്കാണ് സുനിൽ കുമാറും കുടുംബവും പുതുജീവൻ നല്‍കിയത്. മാനന്തവാടിയിലെ ഈ അഞ്ചംഗ കർഷക കുടുംബം നാടിനാകെ മാതൃകയായിരിക്കുകയാണ്
മാനന്തവാടി: വലിച്ചെറിഞ്ഞ പതിനായിരത്തോളം കുപ്പികൾ കൊണ്ടൊരു പൂന്തോട്ടം... കേള്‍ക്കുമ്പോള്‍ അവശ്വസനീയമെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ നേരെ മാനന്തവാടി എടവക സ്വദേശി സുനിൽകുമാറിന്‍റെ വീട്ടിലേക്ക് ഒന്ന് പോയി നോക്കിയാല്‍ മതിയാകും. ഇവിടെ എത്തിയാല്‍ പിന്നെ എല്ലാവര്‍ക്കും അമ്പരപ്പാണ്. വലിച്ചെറിഞ്ഞ കുപ്പികൾ കൊണ്ട് വീടിന്‍റെ മുറ്റത്ത് കണ്ണിന് കുളിര്‍മയേകുന്ന പൂന്തോട്ടം തീർത്തിരിക്കുകയാണ് ഈ ഗൃഹനാഥൻ.
ആയിരത്തിൽപ്പരം പ്ലാസ്റ്റിക് കുപ്പികൾക്കാണ് സുനിൽ കുമാറും കുടുംബവും പുതുജീവൻ നല്‍കിയത്. മാനന്തവാടിയിലെ ഈ അഞ്ചംഗ കർഷക കുടുംബം നാടിനാകെ മാതൃകയായിരിക്കുകയാണ്. ഒരു കുപ്പിയിൽ ചെടി നടാം. അത് പത്തു കുപ്പികളിലാവാം... പോട്ടെ നൂറ് വരെയാകാം. പക്ഷേ, എടവകയിലെ ഈ സുനിൽകുമാറിന്‍റെ വീട്ടിലെത്തുന്ന ഓരോ വേസ്റ്റ് കുപ്പിക്കും പുനർജന്മം ലഭിക്കും. പെരുമഴക്കാലത്ത് വെറുതെ ഇരുന്നപ്പോൾ തോന്നിയതാണ് ഈ ആശയമെന്ന് സുനിൽ കുമാര്‍ പറയുന്നു.
അതിന്നൊരു പൂന്തോപ്പായി മാറിയിരിക്കുകയാണ്. തന്‍റെ പൂന്തോട്ടം മുഴുവൻ നനയ്ക്കാൻ രണ്ട് മണിക്കൂർ വേണമെന്ന് സുനിൽ കുമാര്‍ പറഞ്ഞു. വീടിന് പുറത്ത് മാത്രമല്ല, വരാന്തയിലാകെ ചെടികൾ കൊണ്ട് നിറഞ്ഞ അവസ്ഥയാണ്. എല്ലാം ഭംഗിയായി അലങ്കരിച്ചിരിക്കുന്നതിനാല്‍ കണ്ടാല്‍ ആരും നോക്കി നിന്ന് പോകും. ചെടികൾ മുറ്റമാകെ നിറഞ്ഞെങ്കിലും അതുകൊണ്ടൊന്നും അവസാനിപ്പിക്കാനും ഈ കുടുംബം തയാറല്ല.
യാത്രയ്ക്കിടയിൽ കിട്ടുന്ന പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചാണ് സുനിൽ കുമാറും കുടുംബവും പൂന്തോട്ടം കൂടുതല്‍ ആകര്‍ഷകമാക്കി കൊണ്ടിരിക്കുന്നത്. കുപ്പി കിട്ടിയാൽ തരണമെന്ന് ഹരിത കർമ സേനക്കാരോടും പറഞ്ഞു വച്ചിട്ടുണ്ട്. മാലിന്യമായേക്കാവുന്ന ഓരോ കുപ്പിയും സുനിൽ കുമാറിന്‍റെ വീട്ടിലെത്തിയാല്‍ മനോഹരക്കാഴ്ചയായി മാറും. ആർക്കും പിന്തുടരാവുന്ന മാതൃക സൃഷ്ടിച്ച് കൊണ്ടാണ് ഈ കുടുംബം മുന്നോട്ട് പോകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

