ആലപ്പുഴ: കായംകുളത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഷെഡ് കത്തിനശിച്ചു. വീടിന്‍റെ നിര്‍മ്മാണം നടക്കുന്നതിനാല്‍ താമസത്തിനും മറ്റുമായി നിര്‍മ്മിച്ച  ഷെഡാണ് അത്യുഗ്രസ്‌ഫോടനത്തില്‍ കത്തിനശിച്ചത്.  ഗോവിന്ദമുട്ടം രാജുഭവനില്‍ രാജുവിന്‍റെ ഷെഡാണ് ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ കത്തി നശിച്ചത്. 

പാചകത്തിനായി ഷെഡിനകത്തു ഉപയോഗിച്ചു വന്ന ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഇതിന്‍റെ ശബ്ദം കിലോമീറ്ററുകള്‍ അകലെ വരെയെത്തിയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവസമയം രാജുവും കുടുംബവും വീട്ടിലില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. 

ഗ്യാസ് ചോര്‍ച്ചമൂലം സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവോ അതോ ഷെഡിലെ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണോ അപകടകാരണമെന്നകാര്യത്തില്‍ വ്യക്തതയില്ല.  വീട് നിര്‍മ്മാണത്തിനായി സൂക്ഷിച്ചിരുന്ന പണം, ഗൃഹോപകരണ സാധനങ്ങള്‍, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് തുടങ്ങിയവയെല്ലാം പൂര്‍ണ്ണമായി കത്തിനശിച്ചു. ഒരു ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിവരമറിഞ്ഞെത്തിയ അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.