രണ്ട് കിലോയോളം തൂക്കം വരുന്ന അണലിയെ ഫോറസ്റ്റ് വകുപ്പ് പിടികൂടി
തിരുവനന്തപുരം: ജനതിരക്കേറിയ നെടുമങ്ങാട്- പാലോട് റോഡിൽ പുത്തൻപാലത്തിന് സമീപം പാതയോരത്ത് അണലിയെ കണ്ടെത്തി. രാവിലെ പത്തരയോടെയാണ് വാഹന യാത്രക്കാർ അണലിയെ കണ്ടത്. രണ്ട് കിലോയോളം തൂക്കം വരുന്ന ഇതിനെ റോഡിലെ പൈപ്പിൻ ചുവട്ടിൽ അബോധാവസ്ഥയിലായിരുന്നു കാണപ്പെട്ടത്. 100 മീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഗവൺമെന്‍റ് യു പി എസിലേക്ക് ഉൾപ്പടെ വിദ്യാർഥികൾ കാൽ നടയായി വരുന്ന വഴിയിലാണ് അണലി കിടന്നിരുന്നതെന്നതിനാൽ നാട്ടുകാരും ഭീതിയിലായി.
ദിവസേന വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് പുത്തൻപാലം ജംഗ്ഷനിൽ ബസ് കാത്തുനിൽക്കുന്നതിനും മറ്റുമായി എത്തിച്ചേരുന്നത്. യാത്രക്കാർ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് വകുപ്പിലെ ആർ ആർ ടി സംഘത്തിൽ നിന്നും റോഷ്നിയുടെ നേതൃത്വത്തിലുള്ളവരെത്തി അണലിയെ പിടികൂടി കൊണ്ടുപോയി. പാതയോരത്ത് അണലിയെ കണ്ട ഭീതിയിൽ നാട്ടുകാർ പരിസരങ്ങളിലെല്ലാം പരിശോധിച്ചാണ് മടങ്ങിയത്.


