കോഴിക്കോട്: പേരാമ്പ്രയിൽ പതിനാല് വയസുകാരിയുടെ മരണത്തിന് കാരണം ഷിഗെല്ല ബാക്ടീരിയയല്ലെന്ന് പ്രാഥമിക പരിശോധനാഫലം. ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ബന്ധുക്കൾക്കും ഷിഗെല്ലയില്ലെന്ന് സ്ഥിരീകരിച്ചു.

ഒരാഴ്ച മുമ്പാണ് പേരാമ്പ്ര ആവടുക്ക സ്വദേശി സനൂഷ പനിയും വയറിളക്കവും ഛർദ്ദിയും മൂർച്ചിച്ച് മരിച്ചത്. കുട്ടിയുടെ സഹോദരിക്കും അമ്മയുടെ അച്ഛനും സമാന രോഗലക്ഷണങ്ങൾ കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് ഇവരുടെ ശരീരത്തിലെ സാമ്പിളുകൾ പുരിശോധനക്ക് അയച്ചത്. സനൂഷയുടെ ശ്രവങ്ങള്‍ പരിശോധിച്ചതില്‍ ഷിഗെല്ല ബാക്ടീരിയയില്ലെന്നാണ്  പ്രാഥമിക ഫലം. എന്നാൽ ആന്തരിക അവയങ്ങളുടെ പരിശോധനാ ഫലം ലഭിക്കും വരെ ജില്ലയിൽ ജാഗ്രത തുടരാനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം. 

കുട്ടിയുടെ ബന്ധുക്കൾക്കും ഷിഗെല്ലയില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വ്യക്തമായിട്ടുള്ളത്. രോഗം ഭേദമായ ഇവർ ഉടൻ ആശുപത്രി വിടും. പ്രളയ ശേഷം കുടിവെള്ളം മലിനമായതാണ് അസുഖത്തിന് കാരണമെന്ന സംശയവും ആരോഗ്യ വകുപ്പിന് ഉണ്ട്. കുടിവെള്ളം പരിശോധിച്ചതിന്‍റെ റിപ്പോർട്ട് കിട്ടിയാലേ ഇക്കാര്യത്തിൽ വ്യക്തത വരൂ.