പിതാവ് ഫിറോസ് അഹമ്മദ്, അനുജത്തി ഫാദിയ ഫിറോസ് എന്നിവരോടൊപ്പം സായാഹ്നം ചിലവിടാൻ എത്തിയതായിരുന്നു ആലപ്പുഴ സെന്റ് ജോസഫ്സ് എച്ച്എസിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഫരീദ.
ആലപ്പുഴ: കനാൽ കരയിൽ നിന്ന് കളഞ്ഞു കിട്ടിയ ബാഗ് യഥാർത്ഥ ഉടമയ്ക്ക് നൽകി മാതൃകയായി കൊച്ചു മിടുക്കി ഫരീദ ഫിറോസ്. കഴിഞ്ഞ ദിവസം വൈകിട്ട് കയർ കോർപ്പറേഷൻ മുന്നിൽ, കനാൽ കരയിൽ നിന്നുമാണ് വിലപിടിപ്പുള്ള ഡോക്യുമെന്റുകൾ അടങ്ങിയ ബാഗ് കളഞ്ഞു കിട്ടിയത്.
പിതാവ് ഫിറോസ് അഹമ്മദ്, അനുജത്തി ഫാദിയ ഫിറോസ് എന്നിവരോടൊപ്പം സായാഹ്നം ചിലവിടാൻ എത്തിയതായിരുന്നു ആലപ്പുഴ സെന്റ് ജോസഫ്സ് എച്ച്എസിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഫരീദ. നേരം ഏറെ വൈകിയതിനാൽ ബാഗ് അതിന്റെ ഉടമയ്ക്ക് തന്നെ കിട്ടണമെന്ന അതിയായ ആഗ്രഹത്തോടെയാണ് ഫരീദ തന്റെ പിതാവിനൊപ്പം ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ എത്തിയത്.
സൗത്ത് സ്റ്റേഷൻ ഓഫീസർ എസ് അരുണിനൊട് വിവരം ധരിപ്പിച്ചു. തുടർന്ന് ബാഗ് പരിശോധിച്ചതിൽ നിന്നും ലഭിച്ച ഫോൺ നമ്പറിൽ ബന്ധപ്പെട്ട് ഉടമയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ബാഗ് കൈമാറുകയായിരുന്നു. ആലപ്പുഴ നഗരസഭ മംഗലം സ്വദേശിനി വിന്നിയുടെതായിരുന്നു ബാഗ്. ആധാർ കാർഡ്, ഐഡി കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, എടിഎം കാർഡ് അടക്കം നിരവധി വിലപ്പെട്ട രേഖകളും കുറച്ച് പണവും ബാഗിൽ ഉണ്ടായിരുന്നു.
അതേസമയം, സ്കൂളിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണ്ണ കൈ ചെയിൻ അധ്യാപകരെ ഏൽപ്പിച്ച് മാതൃതകയായി പത്താം ക്ലാസുകാരന്റെ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മലപ്പുറം ജില്ലയിലെ തിരുന്നാവായയിൽ പൂളമംഗലം സൈനുദ്ദീൻ മെമ്മോറിയൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ബിഷ്‌റുൽ ഹാഫിക്കിനാണ് കഴിഞ്ഞ ദിവസം സ്‌കൂൾ ഗ്രൗണ്ടിൽ നിന്ന് ആഭരണം വീണുകിട്ടിയത്. ബിഷ്‌റുൽ ഉടൻ തന്നെ ആഭരണം പ്രഥമ അധ്യാപികയെ ഏൽപ്പിക്കുകയായിരുന്നു.
കരേക്കാട് സ്വദേശി റംലയുടെ സ്വർണ്ണാഭരണമാണ് മാസങ്ങള്‍ക്ക് ശേഷം തിരികെ ലഭിച്ചത്. പൂളമംഗലം സൈനുദ്ദീൻ മെമ്മോറിയൽ സ്‌കൂളിൽ നടന്ന പൂർവ വിദ്യാർഥി സംഗമത്തിലെത്തിയതായിരുന്നു ഇവർ. പരിപാടിക്കിടെ കൈയിൽ അണിഞ്ഞിരുന്ന മുക്കാൽ പവനോളം തൂക്കമുള്ള ആഭരണം സ്‌കൂളിൽ വീണുപോയതായിരുന്നു. സ്കൂളിൽ തന്നെയാണ് ആഭരണം നഷ്ടപ്പെട്ടതെന്ന് റംലയ്ക്ക് ഉറപ്പുണ്ടായിരുന്നു. അന്ന് മുതൽ പല ദിവസങ്ങളിലായി സ്‌കൂൾ മൊത്തം അരിച്ചുപെറുക്കിയെങ്കിലും സ്വർണ്ണ ചെയിൻ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

