എടത്വ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവും സ്ത്രീ ഉള്‍പ്പെടെ സഹായികളും അറസ്റ്റില്‍. പന്തളം വേലന്റെ കിഴക്കേതില്‍ സോണി (32), തലവടി തെക്ക് വഞ്ചിപുരയ്ക്കല്‍  അജീഷ് (25), തലവടി കോടമ്പനാടി പത്തിശ്ശേരില്‍ സുജിത(29) എന്നിവരാണ് അറസ്റ്റിലായത്. 

17 -കാരിയായ  പെണ്‍കുട്ടിയെ ഒന്നാം പ്രതിയായ സോണി മൊബൈല്‍ ഫോണിലൂടെ പ്രലോഭിപ്പിച്ചാണ് പീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടിയുടെ പിതാവ് പഠന ആവശ്യത്തിനായി നല്‍കിയ ഫോണിലൂടാണ് ഇരുവരും സൗഹൃദം സ്ഥാപിച്ചത്. 

പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാത്ത അവസരങ്ങളില്‍ സോണി എത്തിയിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് സംശയം തോന്നിയ വീട്ടുകാര്‍ സ്വകാര്യ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചതോടെ ആശുപത്രി അധികൃതര്‍ എടത്വ പൊലീസിന് വിവരം കൈമാറി. 

പൊലീസ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയോട് വിവരം ശേഖരിച്ചാണ് പ്രതികളെ കണ്ടെത്തിയത്. അജീഷ്, സുജിത എന്നിവരാണ് സോണിക്ക് സഹായങ്ങള്‍ ചെയ്തിരുന്നത്. സോണി വിവാഹിതനും ഒരുകുട്ടിയുടെ പിതാവുമാണ്. സോണിയും, അജീഷും, സുജിതയും ചേര്‍ന്ന് സമാനരീതിയില്‍ നിരവധി പെണ്‍കുട്ടികളെ വലയിലാക്കിയിട്ടുണ്ടെന്ന് സൂചനയുണ്ട്.  മൂവരേയും അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. പോസ്‌കോ വകുപ്പ് ചുമത്തിയാണ് കേസ് എടുത്തത്.