പാറശ്ശാലയ്ക്കടുത്ത് പരശുവയ്ക്കലിന് സമീപം മൂവോട്ട്കോണം ശ്രീശൈലത്തില്‍ ജയകുമാരിയുടെ പരാതിയെ തുടര്‍ന്നാണ് വളര്‍ത്തുമകള്‍ ശ്രീനയയും ഒളിച്ചോടി കല്യാണം കഴിച്ച ഭര്‍ത്താവ് ഷാലുവും അറസ്റ്റിലായത്. ഇരുപത്തിരണ്ടുകാരനായ ശാലു മത്സ്യവില്‍പ്പനക്കാനായിരുന്നു. ശ്രീനയയും ശാലുവും പ്രണയത്തിലായിരുന്നു

പാറശാല: പ്രണയം കലശലാകുമ്പോള്‍ ഒളിച്ചോട്ടവും വിവാഹവും ഒക്കെ പതിവാണ്. എന്നാല്‍ ഒളിച്ചോട്ടത്തിന് ശേഷം ജീവിക്കാനുള്ള പണം കണ്ടെത്താന്‍ അമ്മയുടെ സ്വര്‍ണം കവര്‍ന്ന വളര്‍ത്തുമകള്‍ പൊലീസിന്‍റെ പിടിയിലായെന്ന വാര്‍ത്തയാണ് തിരുവനന്തപുരം പാറശ്ശാലയില്‍ നിന്ന് പുറത്തുവരുന്നത്. അമ്മയുടെ ബാങ്ക് ലോക്കറില്‍ നിന്ന് 30 പവന്‍ സ്വര്‍ണമാണ് ജീവനക്കാരെ കബളിപ്പിച്ച് ശ്രീനയ എന്ന പതിനെട്ട് കാരി സ്വന്തമാക്കിയത്.

പാറശ്ശാലയ്ക്കടുത്ത് പരശുവയ്ക്കലിന് സമീപം മൂവോട്ട്കോണം ശ്രീശൈലത്തില്‍ ജയകുമാരിയുടെ പരാതിയെ തുടര്‍ന്നാണ് വളര്‍ത്തുമകള്‍ ശ്രീനയയും ഒളിച്ചോടി കല്യാണം കഴിച്ച ഭര്‍ത്താവ് ഷാലുവും അറസ്റ്റിലായത്. ഇരുപത്തിരണ്ടുകാരനായ ശാലു മത്സ്യവില്‍പ്പനക്കാനായിരുന്നു. ശ്രീനയയും ശാലുവും പ്രണയത്തിലായിരുന്നു. ശാലുവിനൊപ്പം ജീവിക്കാന്‍ വീടുവിട്ട ശ്രീനയ ബാങ്കിലെത്തി ജീവനക്കാരെ കബളിപ്പിച്ചാണ് സ്വര്‍ണം കൈക്കലാക്കിയത്.

പരശുവയ്ക്കൽ സഹകരണ ബാങ്കില്‍ നിന്നാണ് അമ്മ ജയകുമാരിയുടെ ബാങ്ക് ലോക്കറിലുണ്ടായിരുന്ന 30 പവന്‍ സ്വര്‍ണം ഇവര്‍ കൈക്കലാക്കിയത്. പത്തൊന്‍പതാം തിയതി രാവിലെ കാമുകനൊപ്പം ബാങ്കിലെത്തിയ ശ്രീനയ അമ്മ പുറത്തുനില്‍ക്കുകയാണെന്ന് ജീവനക്കാരോട് പറയുകയായിരുന്നു. ലോക്കറിന്‍റെ താക്കോല്‍ അമ്മ അറിയാതെ സ്വന്തമാക്കിയിരുന്നു യുവതി. പലതവണ ജയകുമാരിക്കൊപ്പം ബാങ്കില്‍ വന്നിട്ടുള്ളതിനാല്‍ തന്നെ ജീവനക്കാര്‍ക്ക് സംശയം തോന്നിയില്ല.

മകള്‍ വീടു വിട്ടിറങ്ങിയതും സ്വര്‍ണം കൈക്കലാക്കിയതും ആദ്യം ജയകുമാരി അറിഞ്ഞിരുന്നില്ല. കാണാതായ മകള്‍ക്കുവേണ്ടിയുള്ള അന്വേഷണത്തിലൂടെയാണ് വിവാഹം കഴിഞ്ഞ കാര്യം അമ്മ അറിയുന്നത്. പിന്നീട് ബാങ്കിലെത്തിയപ്പോള്‍ മകള്‍ സ്വര്‍ണം കൈക്കലാക്കിയിട്ടുണ്ടെന്നും വ്യക്തമായി. ഇതിനെത്തുടര്‍ന്നാണ് ജയകുമാരി പരാതി നല്‍കിയത്.

ഒളിച്ചോട്ടം അവസാനിപ്പിച്ച് ഇന്നലെ വീട്ടിലെത്തിയ ശ്രീനയയും ശാലുവും കുഴുിത്തുറ കോടതിയില്‍ ഹാജരായി. ആള്‍മാറാട്ടം, തട്ടിപ്പ് തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്ത ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. സ്വര്‍ണം ശാലുവിന്‍റെ വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.