ഇടുക്കി: മുന്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും ഉറപ്പു കൊടുത്തിട്ടും സര്‍ക്കാർ വകുപ്പുകളിലൊന്നും ജോലി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ശാരീരിക വൈകല്യമുള്ള യുവതി 48 മണിക്കൂര്‍ നിരാഹാര സമരം തുടങ്ങി. ഇടുക്കിയിലെ കട്ടപ്പന മുട്ടത്ത് സാബുവിന്റെ മകള്‍ ഡയാനയാണ് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിന് മുന്നിൽ ഒറ്റയാൾ സമരം നടത്തുന്നത്.

വൈകല്യത്തെ തോൽപ്പിച്ചാണ് ഡയാന എംകോം പഠനം പൂര്‍ത്തിയാക്കിയതാണ്. 2014ല്‍ ജില്ലാ കലക്ടർ നൽകിയ റിപ്പോര്‍ട്ട് പരിഗണിച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡയാനയ്ക്ക് ജോലി നൽകണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നൽകിയിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ല. പിന്നീട് ധനമന്ത്രിയായിരുന്ന കെഎം മാണിയെയും ഐടി മന്ത്രി കുഞ്ഞാലിക്കുട്ടിയെയും നേരിട്ട് കണ്ട് നിവേദനം നൽകി. ലോട്ടറി വകുപ്പില്‍ ഡയാനയ്ക്ക് ജോലി നൽകണമെന്ന് മന്ത്രി നിർദ്ദേശം നൽകിയെങ്കിലും അതും നടന്നില്ല. 

ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോൾ മന്ത്രി എംഎം. മണി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി ജോലി നൽകുന്ന കാര്യം പരിഗണിക്കുമെന്ന് ഉറപ്പു നൽകി. ഇതനുസരിച്ച് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലെത്തിയപ്പോൾ 2014നു ശേഷം ആര്‍ക്കും ജോലി നല്‍കിയിട്ടില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് ഡയാന സമര രംഗത്തെത്തിയത്.

ശാരീരിക വൈകല്യമുള്ളതിനാല്‍ സ്വകാര്യ മേഖലയില്‍ ജോലി ലഭിക്കുക ബുദ്ധിമുട്ടാണ്. 48 മണിക്കൂർ സമരം കൊണ്ട് പരിഹാരം ഉണ്ടായില്ലങ്കിൽ അനിശ്ചിത കാല നിരാഹര സമരം ആരംഭിക്കാനുള്ള തീരുമാനത്തിലാണ് ഡയാന.