കോളേജ് ഗ്ലോബല്‍ അലംനി അസോസിയേഷന്‍ നേതൃത്വത്തില്‍ 'മിലാപ് 22' എന്ന പേരില്‍ നടക്കുന്ന സംഗമത്തില്‍ വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പൂര്‍വ വിദ്യാര്‍ഥികളും പങ്കെടുക്കും. 

കോഴിക്കോട് ജില്ലയിലെ മലയോരമേഖലയിലുള്ള ആദ്യകാല സര്‍ക്കാര്‍ എയിഡഡ് കോളജുകളില്‍ ഒന്നായ മുക്കം എം. എ. എം. ഒ. കോളജില്‍ വിപുലമായ പൂര്‍വവിദ്യാര്‍ഥി സംഗമത്തിന് അരങ്ങൊരുങ്ങുന്നു. 1982 മുതല്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളും പഠിപ്പിച്ച പൂര്‍വ അധ്യാപകരും ജൂലായ് 24 -ന് വീണ്ടും കോളജില്‍ ഒത്തുചേരും. 

കോളേജ് ഗ്ലോബല്‍ അലംനി അസോസിയേഷന്‍ നേതൃത്വത്തില്‍ 'മിലാപ് 22' എന്ന പേരില്‍ നടക്കുന്ന സംഗമത്തില്‍ വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പൂര്‍വ വിദ്യാര്‍ഥികളും പങ്കെടുക്കും. സംഗമത്തിന്റെ ലോഗോ പ്രകാശനം വൈസ് പ്രിന്‍സിപ്പല്‍ ഡോ. അബൂബക്കര്‍ മങ്ങാട്ടു ചാലില്‍ ഗ്ലോബല്‍ അലംനി പ്രസിഡണ്ട് അഡ്വ. മുജീബ് റഹ്മാന് നല്‍കി നിര്‍വഹിച്ചു. 'പേര് നിര്‍ദ്ദേശിക്കാം സമ്മാനം നേടാം' മത്സരത്തില്‍ ഡാനിഷ് ഹുസൈന്‍ വിജയിയായി. 

ഇതിനായി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ടി.പി. അബ്ബാസ് മുഖ്യരക്ഷാധികാരിയായി സംഘാടകസമിതി രൂപവത്കരിച്ചു. ബന്ന ചേന്ദമംഗലൂര്‍, വി. വസീഫ് എ്ന്നിവര്‍ രക്ഷാധികാരികളാണ്. അഡ്വ. മുജീബ് റഹ്മാന്‍ ചെയര്‍മാനും സജി ലബ്ബ ജനറല്‍ കണ്‍വീനറും ഡോ. അജ്മല്‍ മുഈന്‍ കണ്‍വീനറുമാണ്. അഷ്റഫ് വയലിലാണ് ചീഫ് കോര്‍ഡിനേറ്റര്‍. 

പൂര്‍വ വിദ്യാര്‍ത്ഥികളുടെയും കുടുംബങ്ങളുടെയും ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന എം.എ.എം.ഒ. ഗ്ലോബല്‍ അലംനി മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. യൂറോപ്പ്, സൗദി, ഖത്തര്‍, ദുബായ് എന്നിവിടങ്ങളില്‍ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ സജീവമാണ്. ഒമാന്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ കൂട്ടായ്മയുടെ രൂപീകരണം നടന്നു വരുന്നു. ലക്ഷക്കണക്കിനു രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് കോവിഡ് മഹാമാരിക്കാലത്തും അസോസിയേഷന്‍ നടപ്പിലാക്കിയത്.

പൂര്‍വ്വ പഠിതാക്കളില്‍ പ്രശസ്തരായവരെ ആദരിക്കുക, അവരെ പുതു തലമുറക്ക് പരിചയപ്പെടുത്തുക, പഠനത്തില്‍ മിടുക്കരും നിര്‍ദ്ധനരുമായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുക, ഫീസ് അടച്ചു സഹായിക്കുക, വിദേശത്തു മരണപ്പെട്ടവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായിക്കുക, അപകടത്തില്‍ പരിക്കേറ്റവരെ സഹായിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കൂട്ടായ്മ നടത്തുന്നുണ്ട്. നിലവിലെ വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ്, പ്ലേസ്‌മെന്റ്, പൂര്‍വവിദ്യാര്‍ത്ഥികളില്‍ ഉന്നതങ്ങളില്‍ എത്തിയവരുമായുള്ള ആശയവിനിമയ ക്ലാസുകള്‍ എന്നിവ നടത്തിവരുന്നു.