Asianet News MalayalamAsianet News Malayalam

കടകളിലെത്തി സാധനങ്ങൾ വാങ്ങും, ക്ഷേത്രങ്ങളിലെത്തി വഴിപാടെഴുതും; പണം അടിച്ചുമാറ്റി മുങ്ങും; ഒടുവിൽ കള്ളൻ പിടിയിൽ

ക്ഷേത്രങ്ങളിലും ചെറിയ കടകളിലും എല്ലാം എത്തി ആളുകളെ കബളിപ്പിച്ച് രണ്ടായിരവും മുവായിരവും രൂപ വീതം തട്ടിയെടുത്തിരുന്ന ആളാണ് കുന്നത്തുനാട് പോലീസിന്റെ പിടിയിലായത്. 

Go to shops and buy things money scam theif arrested  kochi kizhakkambalam
Author
First Published Aug 30, 2024, 9:09 PM IST | Last Updated Aug 30, 2024, 9:09 PM IST

കൊച്ചി: കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും ആളുകളെ പറ്റിച്ച് പണം തട്ടിയിരുന്ന  വിരുതൻ ഒടുവിൽ പോലീസിന്റെ പിടിയിലായി. ക്ഷേത്രങ്ങളിലും ചെറിയ കടകളിലും എല്ലാം എത്തി ആളുകളെ കബളിപ്പിച്ച് രണ്ടായിരവും മുവായിരവും രൂപ വീതം തട്ടിയെടുത്തിരുന്ന ആളാണ് കുന്നത്തുനാട് പോലീസിന്റെ പിടിയിലായത്. ഇയാളുടെ തട്ടിപ്പിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

കിഴക്കമ്പലം ജംഗ്ഷനിലെ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് പണം തട്ടാനുളള ശ്രമത്തിനിടെയാണ് നാട്ടുകാര്‍ കാക്കനാട് മരോട്ടിച്ചുവട് സ്വദേശി സന്ദീപ് മേനോനെ പിടികൂടി പൊലീസിലേല്‍പ്പിച്ചത്. കടകളിലെത്തി വലിയ തുകയ്ക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യും. പണം കൊടുക്കുന്നതിന് തൊട്ടുമ്പ് തനിക്ക് അച്ഛന്‍റെ ഫോണ്‍ വന്നെന്ന് കടക്കാരെ തെറ്റിദ്ധരിപ്പിക്കും. തൊട്ടടുത്ത കടയില്‍ മറ്റു ചില സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ അച്ഛന്‍റെ ഗൂഗിള്‍ പേ തകരാറിലായെന്നും അച്ഛന് നല്‍കാന്‍ അത്യാവശ്യമായി രണ്ടായിരം രൂപ വേണമെന്നും പറയും.

ഈ തുക സാധനങ്ങളുടെ വിലയ്ക്കൊപ്പം ഗൂഗിള്‍ പേയില്‍ മടക്കിത്തരാമെന്ന് പറഞ്ഞ് കാശു വാങ്ങി മുങ്ങും. ഇതായിരുന്നു സന്ദീപിന്‍റെ തട്ടിപ്പ് രീതി. ക്ഷേത്രങ്ങളില്‍ വലിയ തുകയ്ക്ക് വഴിപാടിന് രസീത് എഴുതിയും സന്ദീപ് സമാനമായ രീതിയില്‍ പണം തട്ടി മുങ്ങിയിട്ടുണ്ട്.  എറണാകുളം സെന്‍ട്രല്‍, തൃപ്പൂണിത്തുറ ഉള്‍പ്പെടെ ഒട്ടേറെ പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ ഇത്തരം തട്ടിപ്പ് സന്ദീപ് നടത്തിയിട്ടുണ്ട്.

പക്ഷേ പ്രതിയാരെന്ന് കണ്ടെത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിരുന്നില്ല. ചെറിയ തുക ആണ് മോഷ്ടിക്കുന്നത് എന്നതിനാൽ ആരും കേസിനു പിന്നാലെ പോകില്ല എന്ന ധൈര്യത്തിൽ ആയിരുന്നു തട്ടിപ്പ് എന്ന് സന്ദീപ് പോലീസിനോട് പറഞ്ഞു. വലിയ കഷ്ടപ്പാട് ഇല്ലാതെ പണം സമ്പാദിക്കാനുള്ള എളുപ്പവഴിയായാണ് ചെറിയ തുകയ്ക്ക് വേണ്ടിയുള്ള മോഷണത്തെ താൻ  കണ്ടിരുന്നതെന്നും സന്ദീപ് പോലീസിന് മൊഴി നൽകിയിട്ടുണ്ട് .

Latest Videos
Follow Us:
Download App:
  • android
  • ios