ക്രൈം സ്‌ക്വാഡും, ഫറോക്ക് പൊലീസും ചേർന്നാണ് ഇവരെ തിരൂരിൽ വെച്ച് പിടികൂടിയത്. കഴിഞ്ഞ ആഴ്ചയാണ് മുതുവാട്ടുപാറയിൽ വെച്ചു റോഡിലൂടെ നടന്നു പോവുകയായിരുന്ന വീട്ടമ്മയുടെ മാല സ്കൂട്ടറിൽ എത്തി ഇരുവരും കവർന്നത്.

കോഴിക്കോട്: കോഴിക്കോട് ഫറോക്കില്‍ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ കുപ്രസിദ്ധ മോഷ്ടാക്കള്‍ പിടിയില്‍. തിരൂര്‍ ആതവനാട് സ്വദേശി അനൂപ് സല്‍മാന്‍, ആലുവ മാറമ്പള്ളി സ്വദേശി ശ്രീക്കുട്ടന്‍ എന്നിവരെയാണ് ഫറോക്ക് പോലീസും സിറ്റി ക്രൈംസ്ക്വാഡും ചേര്‍ന്ന് തിരൂര്‍ റയില്‍വേ സ്റ്റേഷനില്‍ വെച്ച് പിടികൂടിയത്. കഞ്ചാവ് കൊണ്ടുവരാനായി ഒഡീഷക്ക് പോകാന്‍ ഇരുവരും തിരൂര്‍ റയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്.

കഴിഞ്ഞ ജൂണ്‍ 9ന് തൃക്കാക്കര സ്റ്റേഷന്‍ പരിധിയില്‍ മാല മോഷണ ശ്രമം നടന്നു. സ്ത്രീ വീണു പോയതിനാല്‍ സ്കൂട്ടറിലെത്തിയ രണ്ടു പേര്‍ക്കും മാല പൊട്ടിക്കാന്‍ കഴിഞ്ഞില്ല. കോഴിക്കോട് ഫറോക്ക് മുതുവാട്ടുപാറയില്‍ വെച്ച് കഴിഞ്ഞയാഴ്ച വീട്ടമ്മയുടെ സ്വര്‍ണ്ണ മാല പൊട്ടിച്ച് കടന്നു കളഞ്ഞ രണ്ടു പേരെ കുറിച്ച് അന്വേഷണം നടത്തിയ പോലീസാണ് ഇതേ സംഘമാണ് തൃക്കാക്കരയിലും പിടിച്ചു പറി ശ്രമം നടത്തിയതെന്ന് കണ്ടെത്തിയത്. സി സി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പോലീസിനെ പ്രതികളിലേക്ക് എത്തിച്ചത്. തൃശൂരില്‍ നിന്നും മോഷ്ടിച്ച സ്കൂട്ടറിലാണ് കവര്‍ച്ച നടത്തിയതെന്ന് വ്യക്തമായതോടെ അന്വേഷണം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചു.

കുപ്രസിദ്ധ കവര്‍ച്ചക്കാരായ അനൂപ് സല്‍മാനും ,ശ്രീക്കുട്ടനുമാണ് കവര്‍ച്ച നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പിന്നാലെ ഇരുവരേയും പിടികൂടാനുള്ള ശ്രമം തുടങ്ങി. ഒഡീഷയില്‍ നിന്നും കഞ്ചാവെത്തിക്കാനായി തിരൂര്‍ റെയില്‍ വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കുമ്പോഴാണ് ഇരുവര്‍ക്കും പിടിവീണത്. ഫറോക്ക് അസിസ്ററന്‍റ് കമ്മീഷര്‍ എ എം സിദ്ധിഖിന്‍റെ നേതൃത്വത്തില്‍ സിറ്റി ക്രൈംസ്ക്വാഡും ഫറോക്ക് പോലീസും ചേര്‍ന്നാണ് ഇരുവരേയും പിടികൂടിയത്. മോഷ്ടിച്ച ഇരുചക്ര വാഹനങ്ങളില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ സ്വര്‍ണ്ണ മാല കവരുന്നതാണ് ഇരുവരുടേയും രീതിയെന്ന് പോലീസ് പറഞ്ഞു. ലഹരി കടത്തുള്‍പ്പെടെ 17 ഓളം കേസുകളാണ് ഇരുവര്‍ക്കുമെതിരെ വിവധ സ്റ്റേഷനുകളിലായി ഉള്ളത്.


YouTube video player