കായംകുളം: താലൂക്ക് ആശുപത്രിയിൽ  കുഞ്ഞിന്റെ മാല മോഷ്ടിച്ച യുവാവ് അറസ്റ്റിൽ.  മുതുകുളം വടക്ക് സൂര്യാലയത്തിൽ ജയകൃഷ്ണ(41)നാണ് അറസ്റ്റിലായത്. കീരിക്കാട് തെക്ക് കൈപ്പള്ളിൽ തെക്കതിൽ ശ്യാംകുമാറിന്റെ മകൾ ഒന്നര വയസുള്ള ആദി ലക്ഷ്മിയുടെ ഒമ്പത് ഗ്രാമിന്റെ മാലയാണ് ഇയാൾ പൊട്ടിച്ചെടുത്തത്. 

ഇന്ന് രാവിലെ പത്തോടെ മാതാവ് നിഖില പനി ബാധിച്ച മകളെയും കൂട്ടി ആശുപത്രിയിൽ എത്തി. ഒപി വിഭാഗത്തിന് സമീപം നിന്നപ്പോൾ കുട്ടി പെട്ടെന്ന് തല വെട്ടിച്ചു. ഇതു കണ്ട നിഖില കുഞ്ഞിന്റെ കഴുത്തിൽ നോക്കിയപ്പോൾ മാല കണ്ടില്ല. 

ഇതിനിടെ ഒരാൾ സംശയകരമായി നടന്നുപോകുന്നത് കണ്ടതോടെ നിഖില സമീപമുള്ളവരെ വിവരം അറിയിച്ചു.  ഇവർ ജയകൃഷ്ണനെ തടഞ്ഞുവെച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.  പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവ് ഇയാൾ തന്നെയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നായിരുന്നു അറസ്റ്റ്.