മലപ്പുറം തിരൂര്‍ ജില്ല ആശുപത്രിയില്‍ പനിക്ക് ചികിത്സയിലായിരുന്ന രണ്ട് വയസുകാരിയുടെ സ്വര്‍ണമാല മോഷണം പോയി. അമ്മയോടൊപ്പം സ്ത്രീകളുടെ വാര്‍ഡില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. കുട്ടിയുടെ കഴുത്തില്‍ മാല പൊട്ടിച്ചെടുത്തതിന്റെ പാടുകളുമുണ്ടായിരുന്നു.
മലപ്പുറം: തിരൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് വയസുകാരിയുടെ സ്വര്‍ണമാല മോഷണം പോയതായി പരാതി. രാത്രി ഉമ്മയോടൊപ്പം ഉറങ്ങി കിടക്കുന്നതിനിടെയായിരുന്നു മോഷണം. ചെമ്പ്ര ഏനിന്‍ കുന്നത്ത് സൈഫുദ്ദീന്‍ - റിസ്വാന ഷെറിന്‍ എന്നിവരുടെ മകള്‍ ഷംസ ഷഹ ദിന്റെ മുക്കാല്‍ പവന്‍ തൂക്കംവരുന്ന സ്വര്‍ണ മാലയാണ് മോഷണം പോയത്. പനിയെ തുടര്‍ന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയുടെ മൂന്നാം നിലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡിലാണ് കുട്ടിയെ അഡ്മിറ്റ് ചെയ്തിരുന്നത്. ഈ വാര്‍ഡില്‍ പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ മാതാവ് റിസ്വാന ഷെറിനായിരുന്നു കുട്ടിയുടെ കൂടെ താമസിച്ചിരുന്നത്.
ബുധനാഴ്ച രാത്രി കുട്ടി നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് ഞെട്ടി ഉണര്‍ന്ന് അമ്മ കുട്ടിയെ എടുക്കുകയായിരുന്നു. അപ്പോഴാണ് മാല മോഷണം പോയതായി അറിയുന്നത്. വാര്‍ഡില്‍ ലൈറ്റ് അണക്കരുതെന്ന നിര്‍ദ്ദേശം ഉണ്ടെങ്കിലും കുട്ടി കരയുന്ന സമയത്ത് ലൈറ്റ് അണച്ച നിലയിലായിരുന്നെന്നാണ് മാതാവ് പറയുന്നത്. കുട്ടിയുടെ കഴുത്തില്‍ മാല പൊട്ടിച്ചതിന്റെ ചുവന്ന പാടുകളും ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഈ വാര്‍ഡിലോ സമീപത്തോ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുമില്ല. ആശുപത്രിയുടെ പ്രവേശന കവാടത്തില്‍ മാത്രമാണ് സി.സി.ടി.വി ക്യാമറ സ്ഥാപിച്ചിട്ടുള്ളത്. വൈകീട്ട് കുട്ടിയുമായി പുറത്തിറങ്ങി ആശുപത്രിയിലേക്ക് തിരിച്ചു കയറുമ്പോള്‍ കഴുത്തില്‍ മാല ഉള്ളതായി സി.സി.ടി.വി ദൃശ്യം നോക്കി ഉറപ്പ് വരുത്തുകയും ചെയ്തിട്ടുണ്ട്.
രോഗികളും കൂട്ടിരിപ്പുകാരും സ്വര്‍ണം പോലെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ ഉപയോഗിക്കുരുതെന്നും അത്തരം സാധനസാമഗ്രികള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ സൂക്ഷിക്കേണ്ടതെന്നും രോഗികളുടെ സ്വകാര്യതയെ ബാധിക്കുമെന്നതിനാലാണ് വാര്‍ഡുകളില്‍ സി.സി.ടി വി സ്ഥാപിക്കാത്തതെന്നും പ്രവേശന കവാടത്തിലെ സി.സി.ടി.വി ക്യാമറ പരിശോധിക്കുന്നതുള്‍പ്പെടെ എല്ലാ സഹായങ്ങളും ചെയ്ത് നല്‍കിയതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ തിരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


