മാർച്ച് 5 ന് രാത്രി കടയിൽ തൈര് വാങ്ങാനെത്തിയ യുവാവ്; കടയുടമക്ക് നഷ്ടം ഒന്നരപ്പവന്‍റെ മാല; 3 പേർ പിടിയില്‍
മാസ്ക് ധരിച്ചെത്തിയ യുവാവ് സാധനം എടുക്കുകയായിരുന്ന കടയുടമ സജിനിയുടെ ഒന്നര പവൻ്റെ മാല പൊട്ടിച്ചെടുത്തു. പിന്നാലെ സമീപത്ത് തയ്യാറായി നിന്ന ബൈക്കിൽ കയറി രക്ഷപ്പെട്ടു.

കൊല്ലം: കൊല്ലം ചാത്തന്നൂരിൽ കടയിൽ കയറി വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്ന സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിൽ. ചവറ സ്വദേശി ഇർഷാദ്, ചാത്തന്നൂർ സ്വദേശികളായ അമീർ, രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇരുപതോളം മോഷണ കേസിൽ പ്രതിയാണ് ഇർഷാദ്. മാർച്ച് 5 ന് രാത്രിയാണ് ബൈക്കിൽ ഇർഷാദും അമീറും ചാത്തന്നൂർ ഊറാം വിള ജംഗ്ഷനിലെ സ്റ്റേഷനറി കടയിൽ എത്തിയത്. തൈര് വാങ്ങാനെന്ന വ്യാജേന ഒരാൾ കടയിൽ കയറി. മാസ്ക് ധരിച്ചെത്തിയ യുവാവ് സാധനം എടുക്കുകയായിരുന്ന കടയുടമ സജിനിയുടെ ഒന്നര പവൻ്റെ മാല പൊട്ടിച്ചെടുത്തു. പിന്നാലെ സമീപത്ത് തയ്യാറായി നിന്ന ബൈക്കിൽ കയറി രക്ഷപ്പെട്ടു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ചാത്തന്നൂർ പൊലീസ് അന്വേഷണം തുടങ്ങി. ചവറ സ്വദേശിയായ ഇർഷാദിനെയാണ് ആദ്യം പിടികൂടിയത്. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ചാത്തന്നൂർ സ്വദേശികളായ അമീർ, രാജേഷ് എന്നിവരെ പിടികൂടുകയായിരുന്നു. മൂന്ന് പേരും ചേർന്നാണ് കവർച്ച ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ഇർഷാദ് ഇരുപതോളം മോഷണ കേസിൽ പ്രതിയാണ്. അമീർ വധശ്രമം ഉൾപ്പടെയുള്ള കേസുകളിലും രാജേഷ് അടിപിടി കേസുകളിലും പ്രതിയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
