സ്വർണ്ണക്കടത്ത് സംഘത്തെ കബളിപ്പിച്ച് സ്വർണ്ണം തട്ടാൻ 'കാരിയറുടെ' തട്ടിപ്പ്! പക്ഷേ പിടിവീണു
സ്വർണ്ണവുമായി ദോഹയിൽ നിന്നുള്ള വിമാനത്തിൽ യാത്രക്കാരൻ എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്നും ക്യാപ്സുളുകൾ കണ്ടെടുത്തത്.

കോഴിക്കോട് : സ്വർണ്ണക്കടത്തു സംഘത്തെ കബളിപ്പിച്ചു സ്വർണം തട്ടിയെടുക്കാൻ വ്യാജ സ്വർണ ക്യാപ്സൂളു കളുമായി എത്തിയ യാത്രക്കാരൻ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. മേപ്പയൂർ സ്വദേശി തട്ടാർ പൊയിൽ നൗഷാദ് ആണ് കസ്റ്റസിന്റെ പിടിയിലായത്. സ്വർണ്ണവുമായി ദോഹയിൽ നിന്നുള്ള വിമാനത്തിൽ യാത്രക്കാരൻ എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്നും ക്യാപ്സുളുകൾ കണ്ടെടുത്തത്.
ഇതിൽ സ്വർണ്ണം ഇല്ലെന്നു മനസിലായതോടെ ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോളാണ് സ്വർണ്ണക്കടത്ത് സംഘത്തെ കബളിപ്പിക്കാനാണ് വ്യാജ സ്വർണ്ണ ക്യാപ്സൂളുമായി എത്തിയതെന്നു മനസിലായത്. ദോഹയിൽ നിന്നും വിമാനം കയറും മുമ്പേ സ്വർണം അടങ്ങിയ ക്യാപ്‌സ്യൂൾ ഒരാൾക്ക് കൈമാറിയെന്നും പകരം ഒഴിഞ്ഞ ക്യാപ്സുൾ ശരീരത്തിൽ വെക്കുകയായിരുന്നുവെന്നും നൗഷാദ് കസ്റ്റംസിനോട് പറഞ്ഞു. ഈ സംഘം തന്നെയാണ് നൗഷാദ് സ്വർണ്ണവുമായി വരുന്നുണ്ടെന്നു കസ്റ്റംസിനെ അറിയിച്ചത്. കസ്റ്റംസ് പിടികൂടിയാൽ സ്വ ർണ്ണം മറിച്ചു നൽകിയ കാര്യം സ്വർണ്ണക്കടത്ത് സംഘം അറിയില്ലെന്ന ധാരണയിലാണ് സ്വർണ്ണം പൊട്ടിക്കുന്ന സംഘങ്ങൾ ഇത്തരം വിദ്യകൾ പയറ്റുന്നത്.