രണ്ടു ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിനു പിന്നിലെന്നാണു പൊലീസ് കരുതുന്നത്. തിങ്കളാഴ്ച രാത്രി 11.30 ന് ശേഷമാണ് പ്രദേശത്ത് ഗുണ്ടകളുടെ ആക്രമണമുണ്ടായത്
തിരുവനന്തപുരം: മണ്ണന്തല അമ്പഴങ്ങോട് വീടിനു നേരെ പടക്കമെറിഞ്ഞ ഗുണ്ടാ സംഘം വാഹനങ്ങള്‍ അടിച്ച് തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുകയാണ് പൊലീസ്. രണ്ടു ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിനു പിന്നിലെന്നാണു പൊലീസ് കരുതുന്നത്. തിങ്കളാഴ്ച രാത്രി 11.30 ന് ശേഷമാണ് പ്രദേശത്ത് ഗുണ്ടകളുടെ ആക്രമണമുണ്ടായത്. നിരവധി കേസുകളില്‍ പ്രതിയുമായ ശരത്തും കൂട്ടരുമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ശരത്തും സംഘവും ബൈക്കില്‍ അമിത വേഗത്തില്‍ പോയത് ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം. പല കേസുകളില്‍ പ്രതിയായിരുന്ന പ്രദേശവാസി രാജേഷ് ആണ് ശരത്തിനോടും കൂട്ടാളികളോടും വേഗത കുറച്ചു പോകാന്‍ പറഞ്ഞത്. ഇതില്‍ പ്രകോപിതരായ സംഘം രാജേഷിന്‍റെ വീട്ടിലേക്കു പടക്കമെറിഞ്ഞു. തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളും കാറുകളും ബൈക്കും അടിച്ചുതകര്‍ത്തു.
ഇതിനു മുന്‍പ് ഇവര്‍ ദേവീ ക്ഷേത്രത്തിന് സമീപത്തുള്ള കട ആക്രമിക്കുകയും കടയുടമയായ പൊന്നയ്യനെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തെന്നും പരാതി ഉയർന്നു. പൊന്നയ്യന്‍റെ കടയിലെത്തിയ സംഘം ആദ്യം ബീഡി വാങ്ങി. തുടര്‍ന്ന് പഴം എടുത്തപ്പോള്‍ അതു നന്നായി പഴുത്തിട്ടില്ലെന്ന് പൊന്നയ്യന്‍ പറഞ്ഞത് സംഘത്തിന് ഇഷ്ടപ്പെട്ടില്ല. ഇതോടെ തങ്ങൾ പഴുപ്പിച്ച് തരാമെന്ന് പറഞ്ഞ് പഴക്കുലകള്‍ വെട്ടിനശിപ്പിക്കുകയും വാളും വെട്ടുകത്തിയും ഉപയോഗിച്ച് പൊന്നയ്യനെ ആക്രമിക്കുകയുമായിരുന്നു.
പഴുപ്പിച്ച് തരാമെന്ന് പറഞ്ഞ് ആക്രമണം, കയ്യിലും മുഖത്തും വെട്ടേറ്റ് പൊന്നയ്യൻ
പൊന്നയ്യന്‍റെ കയ്യിലും മുഖത്തുമാണു പരുക്കേറ്റത്. പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. രണ്ടു സ്‌കൂട്ടറിലും ബൈക്കിലുമായാണ് സംഘം പ്രദേശത്ത് എത്തിയത്. ആക്രമണത്തില്‍ പരുക്കേറ്റവര്‍ മണ്ണന്തല പൊലീസില്‍ പരാതി നല്‍കി. മുൻപു ബോംബ് നിര്‍മാണത്തിനിടെ ബോംബ് പൊട്ടി ശരത്തിനു പരുക്കേറ്റിരുന്നു. മാസങ്ങൾക്ക് മുമ്പ് കടയിൽ വന്ന യുവാക്കൾ സാധനം വാങ്ങി പണം നൽകാതെ പോയ സംഭവവുമായി ഇതിന് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.


