Asianet News MalayalamAsianet News Malayalam

ദരിദ്രകുടുംബത്തിന് സഹായ പ്രവാഹം; റേഷൻകാർഡും വാട്ടർ കണക്ഷനും കിട്ടി; വൈദ്യുതിയെത്തും, താമസിയാതെ പുതിയ വീടും

ഇന്നലെ ഉച്ചയോടെ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ജല അതോറിറ്റി ജീവനക്കാരെത്തി വീട്ടിലേക്ക് വാട്ടർ കണക്ഷൻ നൽകി. വീട്ടിൽ വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്ന നടപടികളും ഉടൻ ആരംഭിക്കുമെന്ന് വാർഡ് മെമ്പർ അജിത പറഞ്ഞു. 

got ration card and water connection for poor family in venniyoor
Author
First Published Jan 27, 2023, 8:59 AM IST

തിരുവനന്തപുരം: വൈദ്യുതിയില്ലാത്ത ഒറ്റമുറി വീട്ടിൽ രോ​ഗങ്ങളോടും ദാരിദ്ര്യത്തോടും പൊരുതി കാലം കഴിച്ചിരുന്ന ഒരു കുടുംബത്തിന്റെ ​ദുരിതത്തിന് അറുതി വരികയാണ്. വെങ്ങാനൂർ വെണ്ണിയൂർ നെല്ലിവിളാകത്ത് വീട്ടിൽ ജെ.കരുണാകരൻ (74) മാനസിക വൈകല്യമുള്ള ഭാര്യ തുളസി (62), എഴുന്നേൽക്കാൻ പോലുമാകാതെ കിടപ്പിലായ മകൻ അനി(32) എന്നിവരുടെ ദുരിതജീവിതത്തെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് പുറംലോകമറിഞ്ഞത്. തുടർന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഇവർക്കായി സഹായഹസ്തമുയരുന്നുണ്ട്. കഴിഞ്ഞ ദിവസം മന്ത്രി ജി ആർ അനിൽ ഇവർക്ക് റേഷൻ ലഭിക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ നിർദ്ദേശിച്ചിരുന്നു. വർഷങ്ങളായി മുടങ്ങി കിടന്ന പല ആനുകൂല്യങ്ങളും വാർത്ത വന്ന് പത്ത് ദിവസത്തിനുള്ളിൽ കുടുംബത്തിനെ തേടിയെത്തി.

ആധാർ കാർഡ് ഇല്ലാത്തതിനാൽ ഇവർക്ക് റേഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നില്ലായിരുന്നു. മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിൽ കുടുംബത്തിന് പിങ്ക് റേഷൻ കാർഡ് ലഭിച്ചു. ഇന്നലെ ഉച്ചയോടെ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ജല അതോറിറ്റി ജീവനക്കാരെത്തി വീട്ടിലേക്ക് വാട്ടർ കണക്ഷൻ നൽകി. വീട്ടിൽ വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്ന നടപടികളും ഉടൻ ആരംഭിക്കുമെന്ന് വാർഡ് മെമ്പർ അജിത പറഞ്ഞു. നടപടികൾ പൂർത്തിയാക്കി സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ ഉടൻ ഇവർക്കായി പുതിയ വീട് ഉയരും.

Read More: ദുരിതത്തിന് അറുതി; വെണ്ണിയൂരിലെ കുടുംബത്തിന് സഹായമെത്തിച്ച് വകുപ്പ് മന്ത്രി; റേഷന്‍ നല്‍കാന്‍ നിര്‍ദ്ദേശം

ഇവർക്ക് പുതിയ വീട് നിർമ്മിച്ച് നൽകുന്നതിന്റെ ഭാഗമായി സന്നദ്ധ സംഘടനയായ ഫിലോകോലിയ ഫൗണ്ടേഷൻ്റെ ജീവനക്കാർ എത്തി വിവരങ്ങൾ ശേഖരിക്കുകയും വാർഡ് മെമ്പറുമായി ചർച്ച നടത്തുകയും ചെയ്തു. വസ്തുവിന്റെ കരം അടയ്ക്കുന്നത് ഉൾപ്പെടെ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് പൂർത്തിയാക്കേണ്ട നടപടികൾ പൂർത്തിയാക്കിയാൽ ഉടൻ തന്നെ വീടിന്റെ നിർമ്മാണം ആരംഭിക്കും. നൂറു ദിവസത്തിനുള്ളിൽ കുടുംബത്തിന് വീടിന്റെ താക്കോൽ കൈമാറാനാണ് ശ്രമമെന്ന് ഫിലോകോലിയ ഫൗണ്ടേഷൻ അധികൃതർ പറഞ്ഞു. 

2022ൽ ഇത്തരത്തിൽ 50 വീടുകൾ ഫിലോകോലിയ ഫൗണ്ടേഷൻ നിർമ്മിച്ച് നൽകിയിരുന്നു. 2023ൽ ഇവർ നിർമ്മിക്കുന്ന എട്ടാമത്തെ വീടാണിത്. അതുപോലെ ഒരു മനുഷ്യാവകാശ സംഘടനയുടെ നേതൃത്വത്തിൽ മൂവരുടേയും ചികിത്സാ കാര്യങ്ങൾ ഏറ്റെടുക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. വീട്ടിലെത്തി കുടുംബത്തിലുള്ളവരുടെ ആധാർ കാർഡ് എടുക്കുന്ന നടപടികൾ വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ ആരംഭിച്ചതായി വാർഡ് മെമ്പർ അജിത ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

ഇതിനുപുറമേ ആധാർ കാർഡ് ലഭിക്കുന്ന മുറയ്ക്ക് ക്ഷേമപെൻഷന്റെ കാര്യങ്ങളും പൂർത്തിയാക്കുമെന്ന് വാർഡ് മെമ്പർ പറഞ്ഞു. ഭാര്യയെയും മക്കളെയും പോറ്റുന്നതിന് 74ാം വയസിലും തന്നാലാവും വിധം കൂലിപ്പണി  എടുത്ത് ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്ന കരുണാകരന് ഇപ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ്. 

Read More: റേഷൻകാർഡുണ്ടെങ്കിലും ആധാർ കാർഡില്ല; മാനസികരോ​ഗിയായ ഭാര്യയും കിടപ്പിലായ മകനും; ദുരിതക്കടലിൽ ഒരു കുടുംബം

Follow Us:
Download App:
  • android
  • ios