Asianet News MalayalamAsianet News Malayalam

ദുരിതത്തിന് അറുതി; വെണ്ണിയൂരിലെ കുടുംബത്തിന് സഹായമെത്തിച്ച് വകുപ്പ് മന്ത്രി; റേഷന്‍ നല്‍കാന്‍ നിര്‍ദ്ദേശം

റേഷൻ കാർഡ് ഉണ്ടായിട്ടും ഇവർക്ക് റേഷൻ ലഭിച്ചിരുന്നില്ല. സംഭവത്തിൽ വകുപ്പ് മന്ത്രി ജിആർ അനിൽ ഇടപെടുകയും കുടുംബത്തിന് അടിയന്തിരമായി റേഷൻ നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു. 

ministerhelped the family in Venniyur  Instruction to provide ration
Author
First Published Jan 20, 2023, 1:13 PM IST

തിരുവനന്തപുരം: വെങ്ങാനൂർ വെണ്ണിയൂരിൽ രോ​ഗവും ദാ​രിദ്ര്യവും മൂലം ദുരിതത്തിലായ കുടുംബത്തിന് സഹായമെത്തിച്ച് വകുപ്പ് മന്ത്രിയും അധികൃതരും. റേഷൻ കാർഡ് ഉണ്ടായിട്ടും ഇവർക്ക് റേഷൻ ലഭിച്ചിരുന്നില്ല. സംഭവത്തിൽ വകുപ്പ് മന്ത്രി ജിആർ അനിൽ ഇടപെടുകയും കുടുംബത്തിന് അടിയന്തിരമായി റേഷൻ നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു. റേഷനിംഗ് ഇൻസ്പെക്ടർ ഇവരുടെ വീട് സന്ദർശിച്ച് അധികൃതർക്ക് റിപ്പോർട്ട് നൽകി.

റേഷൻ കാർഡുണ്ടെങ്കിലും റേഷനും ആനുകൂല്യങ്ങളുമില്ലാതെ നരകജീവിതത്തിൽ കഴിയുന്ന കുടുംബത്തെക്കുറിച്ച് ഏഷ്യനെറ്റ് ന്യൂസ് ഓൺലൈൻ വാർത്ത നൽകിയിരുന്നു. ഇതോടെ വെങ്ങാനൂർ വെണ്ണിയൂർ നെല്ലിവിളാകത്ത് വീട്ടിൽ ജെ.കരുണാകരനും (74) മാനസിക വൈകല്യമുള്ള ഭാര്യയും എഴുന്നേൽക്കാൻ പോലുമാകാതെ കിടക്കുന്ന മകന്റെയും ദയനീയാവസ്ഥക്ക് അറുതി വരികയാണ്. 

ഇന്നലെ വീട്ടിലെത്തിയ അധികൃതർ കുടുംബത്തിന് പുതിയ റേഷൻ കാർഡ് കൈമാറി. കിടപ്പ് രോഗിയുടെ വിവരം യഥാസമയം അധികൃതരെ അറിയിക്കാത്തതിന് റേഷൻകട ഉടമയ്ക്ക് വകുപ്പ് താക്കീത് നൽകിയിട്ടുണ്ട്. നിലവിൽ കുടുംബത്തിന് പിങ്ക് കാർഡാണ് നൽകിയിരിക്കുന്നത്. നടപടികൾ പൂർത്തിയാക്കി ഇവർക്ക് മഞ്ഞകാർഡ് നൽകുമെന്ന് റേഷനിംഗ് ഇൻസ്പെക്ടർ അറിയിച്ചു. ഇവർക്ക് പലവ്യഞ്ജനങ്ങൾ അടക്കമുള്ളവ വാങ്ങി നൽകിയ ശേഷം സാമ്പത്തിക സഹായവും നൽകിയാണ് ഉദ്യോഗസ്ഥ സംഘം മടങ്ങിയത്. 

വെണ്ണിയൂരിലെ പള്ളിയിൽ നിന്നും സിസ്റ്റർമാർ എത്തി ഇവർക്ക് സാമ്പത്തിക സഹായവും വസ്ത്രങ്ങളും നൽകി. കരുണാകരന്റെ ഭാര്യ തുളസിയുടെ പേരിലാണ് റേഷൻ കാർഡ്. ഇവർക്ക് ആധാർ ഇല്ലാത്തതിനാൽ തുളസിക്കും മകൻ അനി(32)യ്ക്കും റേഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിച്ചിരുന്നില്ല. ആധാർ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിക്കാത്തതിനാലാണ് റേഷൻ ലഭിക്കാത്ത സാഹചര്യമുണ്ടായത്. 

15 വർഷത്തിലധികമായി എഴുന്നേൽക്കാൻ പോലുമാകാതെ കിടപ്പിലായ അനിക്കും മാനസിക വൈകല്യമുള്ള തുളസിയ്ക്കും ക്ഷേമ പെൻഷനു പോലും അപേക്ഷിക്കാനാകില്ല. വൈദ്യുതിയും വെളളവുമില്ലാതെ ഒറ്റമുറിയിൽ തന്നെ കഴിയുന്ന ഇവരുടെ ദുരിത കാഴ്ച കരളലിയിപ്പിക്കുന്നതാണ്. വീട്ടിൽ തീ പുകയുന്നത് വല്ലപ്പോഴും മാത്രമായിരുന്നു. റേഷൻ ലഭിക്കുന്നതോടുകൂടി ഈ ദുരിതത്തിന് ആശ്വാസമാകും. 5 വർഷം മുൻപുണ്ടായ മഴയിൽ ഇവരുടെ വീട് തകർന്നതിനെ തുടർന്ന് ഇവരുടെ മകളുടെ സ്ഥലത്ത് ബന്ധു വച്ചു നൽകിയ ഒറ്റമുറിയിലാണ് താമസം. 

ഭാര്യയെയും മക്കളെയും പോറ്റുന്നതിന് 74ാം വയസിലും തന്നാലാവും വിധം കൂലിപ്പണി എടുക്കുകയാണ് കരുണാകരൻ. പരസഹായമില്ലാതെ എഴുന്നേറ്റിരിക്കാൻ പോലുമാകാത്ത സ്ഥിതിയിലാണ് ഇവരുടെ മകൻ അനി. കരുണാകരന്റെ പേരിൽ 5 സെന്റ് വസ്തു ഉണ്ടെങ്കിലും ഒരു അടച്ചുറപ്പുള്ള കിടപ്പാടമില്ല. ഈ വാർത്ത പുറം ലോകം അറിഞ്ഞതോടെ സഹായ ഹസ്തവുമായി നിരവധി പേർ വിളിക്കുന്നുണ്ടെന്നാണ് ഇവരുടെ ബന്ധു സുധ പറയുന്നത്. ഇവർക്ക് വീട് വെച്ചു നൽകാൻ തയ്യാറായി സംഘടന മുന്നോട്ട് വന്നിട്ടുണ്ട്.

 റേഷൻകാർഡുണ്ടെങ്കിലും ആധാർ കാർഡില്ല; മാനസികരോ​ഗിയായ ഭാര്യയും കിടപ്പിലായ മകനും; ദുരിതക്കടലിൽ ഒരു കുടുംബം

Follow Us:
Download App:
  • android
  • ios