Asianet News MalayalamAsianet News Malayalam

​ഗോത്രസാരഥി പദ്ധതി നിലച്ചു, സ്കൂളിലെത്താൻ മാ‍ർ​ഗമില്ലാതെ ഇടുക്കിയിലെ ആദിവാസി വിദ്യാ‍ർത്ഥികൾ

ആദിവാസി മേഖലയിലെ ഉൾഗ്രാമമായ മേമാരിയിലെ കുട്ടികളുടെ ഏക ആശ്രയമായിരുന്നു ഗോത്രസാരഥി. മേമാരിയിൽ നിന്ന് കാട്ടുവഴികളിലൂടെ വന്യമൃ​ഗങ്ങളെ പേടിച്ച് എട്ട് കിലോമീറ്ററോളം നടന്നുവേണം കണ്ണംപടിയിലെ സ്കൂളിലെത്താൻ...

Gothrasarathy project halted, tribal students cant reach school in Idukki
Author
Idukki, First Published Nov 4, 2021, 4:20 PM IST

ഇടുക്കി: വാഹനസൗകര്യം കുറവായ ഇടുക്കിയിലെ (Idikki) ആദിവാസിമേഖലകളിലെ (Tribal settlement) വിദ്യാർത്ഥികൾക്ക് സ്കൂളിലെത്താൻ സഹായവുമായി ആരംഭിച്ചതാണ് ഗോത്ര സാരഥി പദ്ധതി. എന്നാൽ ഇപ്പോൾ ഇത്തരമൊരു പദ്ധതി ഇടുക്കിയിലെ ആദിവാസിമേഖലകളിലെ സ്കൂളുകളിൽ പാടെ നിലച്ചിരിക്കുന്നു. കണ്ണംപടിയിലെ ഗോത്രസാരഥി പദ്ധതി 2015-ൽ തന്നെ നിർത്തലാക്കി. സർക്കാർ നിശ്ചയിച്ചതിലും കൂടുതൽ കൂലി ടാക്സി ജീപ്പുകൾക്ക് നൽകാൻ കഴിയില്ലന്ന് കാട്ടിയാണ് പട്ടികവർഗ വകുപ്പ് കണ്ണംപടി സ്കൂളിലെ ഗോത്രസാരഥി പദ്ധതി നിർത്തലാക്കിയത്. 

ആദിവാസി മേഖലയിലെ ഉൾഗ്രാമമായ മേമാരിയിലെ കുട്ടികളുടെ ഏക ആശ്രയമായിരുന്നു ഗോത്രസാരഥി. മേമാരിയിൽ നിന്ന് കാട്ടുവഴികളിലൂടെ വന്യമൃ​ഗങ്ങളെ പേടിച്ച് എട്ട് കിലോമീറ്ററോളം നടന്നുവേണം കണ്ണംപടിയിലെ സ്കൂളിലെത്താൻ. ​ഗോത്രസാരഥി നിലച്ചതോടെ കുട്ടികൾ സ്കൂളിൽ വരാതെയായി. ഇത്തവണയും സർക്കാർ വാഹന സൗകര്യമൊരുക്കാത്തതിനാൽ മേമാരിയിലെ കുട്ടികൾ ക്ലാസിന് പുറത്തുതന്നെ. 

മറ്റ് കുടികളായ കൊല്ലത്തിക്കാവ്, കത്തിതേപ്പൻ, മുല്ല എന്നിവിടങ്ങളിലെ കുട്ടികളുടെ അവസ്ഥയും സമാനമാണ്. കിലോമീറ്ററുകൾ നടന്നുവേണം സ്കൂളിലെത്താൻ. അതിനാൽ തന്നെ പലരം സ്കൂളിലെത്താൻ മടിക്കുകയാണ്. ടാക്സി ജീപ്പുകാർ കൂലി കൂടുതൽ ചോദിച്ചുവെന്ന കാരണത്താലാണ് ​ഗോത്രസാരഥി പദ്ധതി നിർത്തലാക്കിയത്. എന്നാൽ ​വളരെ ദുർഘടമായ റോഡുകളാണ് കണ്ണംപടിയിലേത്. ഇതിലൂടെ യാത്ര ചെയ്യാൻ നിശ്ചയിച്ച കുറഞ്ഞ കൂലിയിൽ ഓടുന്നത് നഷ്ടമായതിനാലാണ് ടാക്സിക്കാ‍ർ കൂലി കൂട്ടിച്ചേദിച്ചത്.

കണ്ണംപടിയിൽ മാത്രമല്ല , ഇടുക്കിയിലെ തിപ്പള്ളി ട്രൈബൽ സ്കൂളിലെ അവസ്ഥയും ഇതുതന്നെയാണ്. മുമ്പ് കുട്ടികളെ സ്കൂളിൽ എത്തിച്ചിരുന്ന ഗോത്രസാരഥി ഉണ്ടായിരുന്നെങ്കിലും കൊവിഡാനന്തരം സ്കൂൾ തുറന്നതോടെ ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന അവസ്ഥയാണ്. മൂലമറ്റത്തുനിന്ന് വനപാതയിലൂടെ ആറ് കിലോമീറ്ററിലധികം സഞ്ചരിച്ചാലാണ്  പതിപ്പള്ളി ട്രൈബൽ സ്കൂളിൽ എത്താനാവുക. ബസ് സർവ്വീസ് ഇല്ലാത്തതിനാൽ ജീപ്പും ഓട്ടോറിക്ഷയുമാണ് കുട്ടികളുടെ ആകെ ആശ്രയം. എന്നാൽ ഈ കൊവിഡ് കാലത്ത് അതിനും പരിമിതികളേറെയാണ്. 

അറക്കുളം പഞ്ചായത്തിലെ ആറിലധികം ആദിവാസിക്കുടികളിലെ കുട്ടികളുടെ ഏക ആശയമാണ് പതിപ്പള്ളി ട്രൈബൽ സ്കൂൾ. ഗോത്രസാരഥി പദ്ധതിയിൽപ്പെടുത്തി ജീപ്പ് വിളിച്ചാണ് ഈ കുട്ടികളെ സ്കൂളിലെത്തിച്ചിരുന്നത്. എന്നാൽ കൊവിഡിന് മുമ്പെ തന്നെ സാമ്പത്തിക പ്രതിസന്ധി കാരണം പദ്ധതി നിലച്ചിരുന്നു. നിബന്ധനകളോടെ സ്കൂൾ തുറക്കുമ്പോൾ കുട്ടികളെ എങ്ങനെ സ്കൂളിലെത്തിക്കുമെന്നറിയാതെ കുഴയുകയാണ് രക്ഷിതാക്കളും അധികൃതരും. 

Follow Us:
Download App:
  • android
  • ios