ഇതര വകുപ്പുകള്‍ നടത്തിയ നിയമലംഘനത്തിനെതിരെ റവന്യു വകുപ്പുകള്‍ നാളിതുവരെ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഇവരുടെ കെട്ടിടങ്ങള്‍ പണികള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു

ഇടുക്കി: മൂന്നാറില്‍ ആറിലധികം സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത് റവന്യുവകുപ്പിന്റെ എന്‍ഒസിയില്ലാതെയെന്ന് വിവരാവകാശ രേഖ. പെര്‍മിറ്റ് ആവശ്യപ്പെട്ട് പഞ്ചായത്തിനെ സമീപിച്ച വകുപ്പുകളോട് എന്‍ഒസിയില്ലാത്തതിനാല്‍ നിര്‍നമ്മാണനുമതി നല്‍കിയിരുന്നുവെന്നും മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചിരുന്നതായി വിവരവകാശ രേഖ വ്യക്തമാക്കുന്നു.

ജില്ലാ പഞ്ചായത്ത് അംഗം എസ് വിജയകുമാര്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയിലാണ് മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി മധുസൂഥനന്‍ ഉണ്ണിത്താന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

മൂന്നാര്‍ പൊലീസ് സ്റ്റേഷന് സമീപം ഡിവൈഎസ്പി ഓഫീസെന്ന പേരില്‍ നിര്‍മ്മിച്ച കെട്ടിടം, ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപം നിര്‍മ്മിച്ച ബസ് ടെര്‍മിനല്‍, പഴയ മൂന്നാര്‍ ഹെഡ്വര്‍ക്സ് ഡാമിന് സമീപം കെഎസ്ഇബിയും ഹൈഡല്‍ ടൂറിസം വകുപ്പും നിര്‍മ്മിച്ച പാര്‍ക്കിംങ്ങ് ഗ്രൗണ്ട്, പാലം അനുബന്ധ പണികള്‍ എന്നിവയ്ക്കും പഴയ മൂന്നാറിലെ വിദ്യാഭ്യാസ വകുപ്പിന്റെ ശിക്ഷാ സദന്‍ കെട്ടിടം, ഡിറ്റിപിസിയുടെ ചേക്ക് എ ബ്രേക്ക്, രാജമലയില്‍ വനം വകുപ്പ് നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ എന്നിവയ്ക്കുമാണ് റവന്യു വകുപ്പിന്റെ അനുമതിയില്ലാത്തതിനാല്‍ പഞ്ചായത്ത് പെര്‍മിറ്റ് നല്‍കാത്തതെന്നാണ് രേഖയില്‍ പറയുന്നത്.

ഇതര വകുപ്പുകള്‍ നടത്തിയ നിയമലംഘനത്തിനെതിരെ റവന്യു വകുപ്പുകള്‍ നാളിതുവരെ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഇവരുടെ കെട്ടിടങ്ങള്‍ പണികള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. എന്നാല്‍, പഞ്ചായത്ത് നിര്‍മ്മിച്ച കെട്ടിടത്തിന് നിര്‍മ്മാണാനുമതി വാങ്ങിയില്ലെന്ന കാരണത്താന്‍ നിര്‍ത്തിവെയ്ക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.

എന്നാല്‍, അനധിക്യതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്കെതിരെ പഞ്ചായത്തും നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നുള്ളതാണ് വാസ്തവം. റവന്യു വകുപ്പിന്റെ ഇരട്ടത്താപ്പ് കോടതിയെ ധരിപ്പിക്കാനാണ് പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനം.