ഇടുക്കി: മാട്ടുപ്പെട്ടി ജലാശയത്തില്‍ മത്സ്യബന്ധനം നടത്താന്‍ ആദിവാസികള്‍ക്ക് സര്‍ക്കാരിന്റെ കൈത്താങ്ങ്. സാന്റോസ് കുടിയിലെ ആദിവാസികള്‍ക്കാണ് മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്നതിന് സര്‍ക്കാര്‍ തോണികള്‍ അനുവദിച്ചത്. അഞ്ച് തോണിയും മീന്‍പിടിക്കുന്നതിന് വലയുമാണ് ആദിവാസികള്‍ക്കായി നല്‍കിയത്.

ചങ്ങാടത്തിലും മറ്റും മീന്‍പിടിച്ച് പലരും ജലാശയത്തില്‍ വീണ് അപകടത്തില്‍പ്പെടുന്നത് പതിവായതോടെ സമീപവാസികള്‍ മൂപ്പന്‍മാരുടെ സഹായത്തോടെ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. പരമ്പരാഗതമായി ചെയ്യുന്ന ജോലിക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്ത് നല്‍കണമെന്ന് രാഷ്ട്രീയ നേതാക്കളും സര്‍ക്കാനോട് ആവശ്യപ്പെട്ടു.

തുടര്‍ന്നാണ് കുണ്ടളക്കുടിയിലെ അഞ്ച് കുടുംമ്പങ്ങള്‍ക്ക് ജീവിതമാര്‍ഗ്ഗത്തിനായി തോണികള്‍ അനുവദിച്ചത്. രാവിലെ മാട്ടുപ്പെട്ടി ജലാശയത്തില്‍ തോണിയുമായെത്തുന്നവര്‍ മുഷിയും ഗോള്‍ഡ് ഫിഷുമടക്കം പിടിച്ച് സന്ദര്‍ശകര്‍ക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്.

വൈകുന്നേരത്തോടെ വീട്ടിലേക്ക് ആവശ്യമായ സാധനങ്ങളുമായി മടങ്ങിപ്പോകുന്ന ഇക്കൂട്ടര്‍ സന്ദര്‍ശകര്‍ ആവശ്യപ്പെട്ടാല്‍ തോണിയില്‍ ഒരു സവാരിയും സൗജന്യമായി നല്‍കും. സിനിമാനടന്‍ മമ്മൂട്ടിയടക്കം കുടികള്‍ പലപ്പോഴായി എത്തി ആദിവാസികളുടെ ക്ഷേമം അന്വേഷിക്കാറുണ്ട്. കഴിഞ്ഞ 2017 ല്‍ ആദ്യമായി കുടിയിലെത്തിയ അദ്ദേഹം കുടിനിവാസികള്‍ക്കൊപ്പം ഓണസന്ധ്യ കഴിച്ചാണ് മടങ്ങിയത്.