മൂന്നാറിന്റെ ടൂറിസം വികസനത്തിന് ദോഷകരമായി മാറുന്ന മാലിന്യം അകറ്റുന്നതിനുള്ള പദ്ധതികള്‍ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആലോചിച്ചിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി.

ഇടുക്കി: മൂന്നാറിനെ മാലിന്യമുക്തമാക്കുവാന്‍ സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുമെന്ന് ചീഫ് സെക്രട്ടരി ടോം ജോസ്. മൂന്നാറിന്റെ ടൂറിസം വികസനത്തിന് ദോഷകരമായി മാറുന്ന മാലിന്യം അകറ്റുന്നതിനുള്ള പദ്ധതികള്‍ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആലോചിച്ചിട്ടുണ്ടെന്നും അതിനായുള്ള പ്രത്യേക പദ്ധതികള്‍ ഉടന്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മൂന്നാറിലെ കെ.റ്റി.ഡി.സിയില്‍ ഹൈറേഞ്ച് വൈല്‍ഡ് ലൈഫ് എന്‍വിറോന്‍മെന്റ് പ്രിസര്‍വേഷന്‍ അസോസിയേഷന്‍, കെ.ഡി.എച്ച്.പി എന്നിവ സംയുക്തമായി നടത്തുന്ന സസ്‌റ്റൈനബിള്‍ മൂന്നാര്‍ വിഷന്‍ 2050 എന്ന വിഷയത്തിലുള്ള സെമിനാറില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. കേരളത്തിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നായ മൂന്നാറിന്റെ വികസനത്തിന് വ്യക്തമായ പദ്ധതികള്‍ രൂപപ്പെടുത്തേണ്ടതുണ്ടെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി ഒമ്പതു മുതല്‍ 12 മാസത്തിനകം പൂര്‍ത്തിയാക്കും. മൂന്നാറിലെ പ്രകൃതിയുടെ മനോഹാരിതയ്ക്ക് കോട്ടം വരുത്തുന്ന രീതീയില്‍ അനവധി കെട്ടിടങ്ങള്‍ ഉയരുന്നതിനാല്‍ സന്ദര്‍ശകരുടെ എണ്ണം പരിമിതപ്പെടുത്തേണ്ടെതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാറിലെ പാര്‍ക്കിംഗ് സൗകര്യം, ജലത്തിന്റെ ഉപയോഗം, മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ വിഷയങ്ങളില്‍ അധിഷ്ഠിതമായും ചര്‍ച്ചകള്‍ ഉയരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

മൂന്നാറിനെ തന്നെ ഇല്ലാതാക്കുന്ന വിധത്തില്‍ തഴയ്ക്കുന്ന യൂക്കാലിപ്റ്റസ് ഇവിടെ നിന്ന് സമ്പൂര്‍ണ്ണമായി ഇല്ലായ്മ ചെയ്യണമെന്നും കുറിഞ്ഞിയെക്കുറിച്ച് ശാസ്ത്രീയമായ കൂടുതല്‍ പഠനങ്ങള്‍ ഉണ്ടാകണമെന്നും പരിസ്ഥിതി സ്നേഹിയും പ്രഭാഷകനുമായ പ്രൊഫ. എം.കെ.പ്രസാദ് അഭിപ്രായപ്പെട്ടു. ശനിയാഴ്ച രാവിലെ നടന്ന ചടങ്ങ് ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 

കെ.ഡി.എച്ച്.പി മാനേജിംഗ് ഡയറക്ടര്‍ കെ.മാത്യു എബ്രാഹം, പ്രിന്‍സ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകരായ പി.എസ്.ഈസ, മുന്‍ ഡയറക്ടര്‍ കെ.എഫ്.ആര്‍.ഐ, വിവേക് മേനോന്‍, ഡോ.പി.എന്‍.കരുണാകരന്‍, ഡോ.എ.കെ.പ്രസാദ് ഉതതരവാദിത്വ ടൂറിസത്തിന്റെ വക്താവായ ജോസ് ഡോമിനിക്, പ്രശസ്ത ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ ഇയാന്‍ ലോക്ക് വുഡ് തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച സംസാരിച്ചു. 

ദേവികുളം സബ് കളക്ടര്‍ പ്രേം കുമാര്‍. ഡി.എഫ്.ഒ നരേന്ദ്ര ബാബു, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍.ലക്ഷ്മി ഡി.വൈ.എസ്.പി സുനീഷ് ബാബു, ജനപ്രതിനിധികള്‍, വിവിധ വകുപ്പു മേധാവികള്‍, പരിസ്ഥിതി സംഘടനകള്‍ തുടങ്ങി നിരവധി പേര്‍ സെമിനാറില്‍ പങ്കെടുത്തു.