ഇടുക്കി: മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറാന്‍ ഒത്താശ ചെയ്ത ഡെപ്യൂട്ടി തഹസില്‍ദാരെ സസ്‌പെന്റ് ചെയ്തു. കയ്യേറ്റ ഭൂമിക്ക് റവന്യു രേഖകളില്‍ തിരിമറി നടത്തി കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കിയ കെഡിഎച് ഡെപ്യൂട്ടി തഹസില്‍ദ്ദാര്‍ സനില്‍ കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ദേവികുളം സബ് കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

കെഡിഎച്ച് വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 20/1ല്‍ പെട്ട സ്ഥലമാണ് സ്വകാര്യ വ്യക്തി കയ്യേറി കെട്ടിടം നിര്‍മ്മിച്ചിരുന്നു. ദേവികുളം ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റിന് സമീപത്തായിട്ടുള്ള സ്ഥലം ലൈഫ് പദ്ധതിയില്‍ വീട് നിര്‍മിക്കുന്നതിന് മാറ്റിയിട്ടിരിക്കുന്നതാണ്. റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് കയ്യേറ്റം കണ്ടെത്തിയത്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് ദേവികുളം സബ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. 

അന്വേഷണത്തില്‍ ദേവികുളം  സ്വദേശി മണിയുടെ ഭാര്യയുടെ പേരില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ സാക്ഷ്യപത്രം നല്കിയിട്ടുണ്ടെന്നും നിരുത്തരവാദിത്തപരമായി സാക്ഷ്യപത്രം നല്‍കിയതായും കണ്ടെത്തി. തുടര്‍ന്നാണ് ഡെപ്യൂട്ടി തഹസില്‍ദ്ദാര്‍ സനല്‍ കുമാറിനെതിരെ ജില്ലാ കളക്ടര്‍ നടപടി സ്വീകരിച്ചത്. ദേവികുളം  എംഎല്‍എ  തഹസില്‍ദാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലൈഫ് പദ്ധതി പ്രകാരം വീട് നിര്‍മ്മിക്കുന്നതിനാണ് കൈവശരേഖ നല്‍കിയതെന്നും സബ് കളക്ടര്‍ നടത്തിയ പ്രഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 

കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ നിജസ്ഥിതി മനസിലാക്കാന്‍ കഴിയുകയുള്ളുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രാകാരം ലൈഫ് പദ്ധതികള്‍ക്കായി കൈവശരേഖ നല്‍കിയ ഡെപ്യൂട്ടി തഹസില്‍ദ്ദാരിന് സസ്‌പെന്‍ഷന്‍ എത്തിയതോടെ മൂന്നാറിലും ദേവികുളത്തുമായി നടക്കുന്ന ലൈഫ് പദ്ധതികള്‍ പലതും പാതിവഴിയില്‍ നിലയ്ക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. കാലവര്‍ഷത്തിന് മുൂന്നോടിയായി വീടുനിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്ന പ്രദേശവാസികള്‍ക്ക് ജില്ലാ കളക്ടറുടെ നടപടി തിരിച്ചടിയാവും.