Asianet News MalayalamAsianet News Malayalam

ലൈഫ് മിഷനിലെ സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന സർക്കാർ വാദം പൊളിഞ്ഞുവെന്ന് വി മുരളീധരൻ

അന്വേഷണത്തിലൂടെ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്ന് ഭയന്നാണ് സർക്കാർ തിടുക്കത്തിൽ വിജിലൻസ് അന്വേഷണമെന്ന പുകമറ സൃഷ്ടിച്ചത്...

governments claim that CBI probe into Life Mission is politically motivated has collapsed says V Muraleedharan
Author
Thiruvannamalai, First Published Jan 12, 2021, 6:10 PM IST

തിരുവനന്തപുരം: ലൈഫ് മിഷനിലെ  സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന സർക്കാർ വാദം പൊളിഞ്ഞുവെന്ന് കേന്ദ്ര വിദേശകാര്യ പാർലമെന്ററികാര്യ സഹമന്ത്രി വി മുരളീധരൻ. ലൈഫ് മിഷൻ പദ്ധതിയിൽ അഴിമതിയും ക്രമക്കേടും നടന്നുവെന്ന് കോടതിക്ക് പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ട സാഹചര്യത്തിലാണ്   സിബിഐ അന്വേഷണം ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സർക്കാർ ഹർജി തള്ളിയിരിക്കുന്നത്. കേസ് രാഷ്ട്രീയ പേരിതമാണെന്ന സർക്കാർ വാദത്തിനേറ്റ വലിയ തിരിച്ചടിയാണ്  തുടരന്വേഷണ ഉത്തരവ്. 

വടക്കാഞ്ചേരി ലൈഫ് പദ്ധതിയിൽ വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചുവെന്ന സിബിഐ വാദം അംഗീകരിച്ചുകൊണ്ടാണ്  തുടരന്വേഷണത്തിന്  ഉത്തരവിട്ടിരിക്കുന്നത്. കേന്ദ്ര ഏജൻസിയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുവെന്ന വ്യാപക കുപ്രചാരണമാണ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും നടത്തിയത്. എന്നാൽ കോടതിക്ക് സത്യം ബോധ്യപ്പെട്ടിരിക്കുന്നു.

അന്വേഷണത്തിലൂടെ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്ന് ഭയന്നാണ് സർക്കാർ തിടുക്കത്തിൽ വിജിലൻസ് അന്വേഷണമെന്ന പുകമറ സൃഷ്ടിച്ചത്. ലൈഫ് മിഷൻ സി. ഇ. ഒ ക്കെതിരെയുള്ള തുടർ അന്വേഷണം സിബിഐ ആരംഭിക്കുന്നതോടെ ക്രമക്കേടിൽ പങ്കുള്ള മറ്റ് പ്രമുഖരുടെ വിവരങ്ങളും പുറത്ത് വരുമെന്നുറപ്പാണ്.  തന്നിലേക്ക് അന്വേഷണം എത്തുമെന്ന് ഭയന്നാണ്  മുഖ്യമന്ത്രി ലൈഫ് മിഷൻ സിഇഒ ക്കെതിരെയുള്ള അന്വേഷണം തടയാൻ ശ്രമിച്ചത്.  ഓഡിറ്റ് ഒഴിവാക്കാനാണ് ധാരണാപത്രം ഒപ്പിട്ടതെന്നതടക്കം ബിജെപി ഉയർത്തിയ വാദങ്ങൾ പൂർണമായും സത്യമാണെന്ന് ഹൈക്കോടതി  ജ‍ഡ്ജ് പി സോമരാജൻറെ ഉത്തരവിലൂടെ വ്യക്തമാകുന്നുവെന്നും വി മുരളീധരൻ പറഞ്ഞു.

Follow Us:
Download App:
  • android
  • ios