മീശപ്പുലിമലയിലെ ക്യാമ്പുകളില്‍ താമസിക്കുന്നതിന് 4,000 മുതല്‍ 9,000 രൂപവരെയാണ് അധിക്യതര്‍ ഈടാക്കുന്നത്. ഇതിനുപുറമെ മലമുകളില്‍ എത്തിപ്പെടാന്‍ ജീപ്പുകള്‍ക്ക് 2,000 മുതല്‍ 3,000 വരെ അധികപണവും നല്‍കേണ്ടി വരുന്നു

ഇടുക്കി: സന്ദര്‍ശകര്‍ക്ക് കുറഞ്ഞ ചിലവില്‍ മീശപ്പുലിമല സന്ദര്‍ശിക്കുവാന്‍ സര്‍ക്കാര്‍ അനുവദിച്ച മിനി ബസ് ആരുമറിയാതെ ഗവിയിലേക്ക് മാറ്റി. മൂന്നാര്‍ കെഎഫ്ഡിസിക്ക് വനംവകുപ്പ് അനുവദിച്ച ബസാണ് ആരുമറിയാതെ മൂന്നാറില്‍ നിന്ന് ഗവിയിലേക്ക് മാറ്റിയത്. ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് മീശപ്പുലിമല കാണാന്‍ മൂന്നാറിലെ സൈലന്റുവാലി റോഡിലുള്ള കെഎഫ്ഡിസിയുടെ ഓഫീസിലെത്തുന്നത്.

സ്വന്തം വാഹനം കടന്നുചെല്ലാന്‍ കഴിയില്ലെന്ന് അധിക്യതര്‍ അറിയിക്കുന്നതോടെ പലരും ജീപ്പുകള്‍ ദിവസ വാടകയ്ക്ക് എടുക്കേണ്ടി വരികയാണ്. ഇത്തരത്തില്‍ ഓരോ ദിവസവും പത്തിലധികം ജീപ്പുകളാണ് മീശപ്പുലിമലയില്‍ എത്തുന്നത്. മീശപ്പുലിമലയിലെ ക്യാമ്പുകളില്‍ താമസിക്കുന്നതിന് 4,000 മുതല്‍ 9,000 രൂപവരെയാണ് അധിക്യതര്‍ ഈടാക്കുന്നത്.

ഇതിനുപുറമെ മലമുകളില്‍ എത്തിപ്പെടാന്‍ ജീപ്പുകള്‍ക്ക് 2,000 മുതല്‍ 3,000 വരെ അധികപണവും നല്‍കണം. സന്ദര്‍ശകരുടെ അധിക ചെലവ് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് രണ്ട് വാഹനങ്ങള്‍ വനംവകുപ്പിന് അനുവദിച്ചത്. നാലുമാസം മുമ്പ് മൂന്നാറിലെത്തിയ വാഹനങ്ങളുടെ ഉദ്ഘാടനം വനംമന്ത്രി കെ രാജു നേരിട്ടെത്തി നിര്‍വ്വഹിക്കുകയും ചെയ്തു.

എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അധിക്യതര്‍ തയ്യറായില്ല. ഡ്രൈവറടക്കം അനുവദിച്ച ബസ് അന്വേഷിച്ച് രാഷ്ട്രീയ നേതാക്കള്‍ എത്തിയതോടെയാണ് മൂന്നാറില്‍ നിന്ന് ബസ് ഗവിയിലേക്ക് മാറ്റിയതായി പുറംലോകമറിയുന്നത്. പ്രളയത്തില്‍ തകര്‍ന്ന റോഡില്‍ ബസ് ഓടിക്കാന്‍ കഴിയാത്തതാണ് വാഹനം ഗവിയിലേക്ക് മാറ്റാന്‍ കാരണമെന്നാണ് അധികൃതരുടെ വാദം.

എന്നാല്‍ നൂറുകണക്കിന് തോട്ടംതൊഴിലാളികള്‍ യാത്രചെയ്യുന്ന റോഡില്‍കൂടി ബസ് മാത്രം ഓടിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. സ്വകാര്യ വാഹനങ്ങളെ സഹായിക്കുന്നതിനായി കെഎഫ്ഡിസി അധിക്യതര്‍ നടത്തുന്ന പ്രവര്‍ത്തനം ഇതിനോടകം വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പ്രശ്നത്തില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സമരം സംഘടിപ്പിക്കുമെന്ന് വിവിധ സംഘടനകളും അറിയിച്ചു.