കോഴിക്കോട്: മെഡിക്കൽ കോളേജിൽ കൊവിഡ് രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണമൊരുക്കുന്ന അടുക്കളയിൽ നാടൻ കാർഷിക വിഭവങ്ങൾ  ഉൽപ്പന്നങ്ങൾ എത്തിച്ചു നൽകി സർക്കാർ ജീവനക്കാരന്‍റെ നന്മ മാതൃക.  ഫയർ ആൻഡ് റെസ്ക്യൂ കോഴിക്കോട് ജില്ലാ ഓഫിസിലെ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരൻ പ്രേംനാഥ് മംഗലശ്ശേരിയാണ് സ്വന്തം പറമ്പിൽ നിന്ന് വിളവെടുത്ത ഉൽപന്നങ്ങൾ എത്തിച്ചു നൽകിയത്.  എൻ
ജിഒ അസോസിയേഷൻ കോഴിക്കോട് ജില്ലാ സെക്രട്ടറി കൂടിയാണ് പ്രേംനാഥ് മംഗലശ്ശേരി. 

മെഡിക്കൽ കോളേജിൽ താമസിച്ച് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകുന്ന നഴ്സുമാരും  മറ്റ് ജീവനക്കാരും  ക്വാറന്റൈന് വിധേയരാകുന്ന ആരോഗ്യ പ്രവർത്തകരും ഐസലേഷനിൽ കഴിയുന്ന രോഗികളും അവരുടെ ബന്ധുക്കളുമടക്കം 200 പേർക്കാണ് നിത്യേന മൂന്ന് നേരം ഭക്ഷണവും വൈകിട്ട് ചായയും നൽകുന്നത്. 
ലോക്ക്ഡൗൺ ആരംഭിച്ചത് മുതൽ സംഘടനകളുടെയും വ്യക്തികളുടെയും  സഹായത്തോടുകൂടിയാണ് മെഡിക്കൽ കോളജിലെ  അടുക്കളയുടെ പ്രവർത്തനം. 

പാകമായ വരിക്കച്ചക്കകൾ, നാടൻ പച്ചമാങ്ങ, ചേന, നേന്ത്രക്കുല, പഴം, തേങ്ങ, വാഴയില എന്നിവയെല്ലാമാണ് ഒരു ഗുഡ്സ്  ഓട്ടോ നിറയെ പ്രേംനാഥ് മംഗലശ്ശേരി എത്തിച്ചു നൽകിയത്. കാർഷികവിഭവങ്ങൾ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വിആർ രാജേന്ദ്രൻ ഏറ്റുവാങ്ങി. എൻജിഒ. അസോസിയേഷൻ മെഡിക്കൽ കോളജ് ബ്രാഞ്ച് പ്രസിഡണ്ട് കെപി കൃഷ്ണൻ, സെക്രട്ടറി യുഎസ്  വിഷാൽ തുടങ്ങിയവർ സംബന്ധിച്ചു. 

നാടൻ വിഭവങ്ങൾ എത്തിയതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള ഭക്ഷണവിതരണ കേന്ദ്രം തറവാട്ട് അടുക്കളയായി മാറി. ചക്കപ്പുഴുക്കും മാങ്ങാക്കറിയും, ചക്കയും അവിയലും കാളനും തോരനും ചേർന്ന ഭക്ഷണം രോഗികളും കൂട്ടിരിപ്പുകാരും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരും ജീവനക്കാരുമെല്ലാം ഏറെ ആസ്വദിച്ചാണ് കഴിച്ചത്.