ഡൽഹിയിൽ നിന്ന് പുറപ്പെട്ട് ലക്ഷ്യസ്ഥാനത്ത് ലാന്റ് ചെയ്യാൻ തയ്യാറെടുക്കുമ്പോഴാണ് ജിപിഎസ് സംവിധാനത്തിലെ സിഗ്നൽ പ്രശ്നം ശ്രദ്ധയിപ്പെട്ടത്.

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ജമ്മു വഴി ശ്രീനഗറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ജമ്മു വിമാനത്താവളത്തിൽ ലാന്റ് ചെയ്യാതെ തിരികെ പറന്നു. തിങ്കളാഴ്ച വൈകുന്നേരം പുറപ്പെട്ട ഐ.എക്സ് 2564 ആണ് ജമ്മുവിൽ ഇറങ്ങാതെ തിരികെ ഡൽഹിയിലേക്ക് തന്നെ മടങ്ങിയതെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിലെ ജിപിഎസ് സിഗ്നലുകളിൽ തടസ്സം നേരിട്ടത് കാരണം മുൻകരുതലെന്ന നിലയ്ക്കാണ് വിമാനം തിരികെ പറന്നതെന്ന് കമ്പനി വക്താവ് പിന്നീട് അറിയിച്ചു.

യാത്രക്കാർക്കായി മറ്റൊരു വിമാനം ഏർപ്പെടുത്തിയതായി എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരത്തോടെ ജമ്മുവിൽ ഇറങ്ങേണ്ടിയിരുന്ന വിമാനം, ഡൽഹിയിൽ നിന്ന് പുറപ്പെട്ട് ലക്ഷ്യസ്ഥാനത്ത് ലാന്റ് ചെയ്യാൻ തയ്യാറെടുക്കുമ്പോഴാണ് ജിപിഎസ് സംവിധാനത്തിലെ സിഗ്നൽ പ്രശ്നം ശ്രദ്ധയിപ്പെട്ടത്. തുടർന്ന് വിമാനം കുറച്ചുനേരം ജമ്മു വിമാനത്താവളത്തിന് മുകളിൽ വട്ടമിട്ട് പറന്നതിന് ശേഷം ലാൻഡ് ചെയ്യാതെ ഡൽഹിയിലേക്ക് മടങ്ങാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു.

കാലാവസ്ഥാ പ്രശ്നങ്ങളോ റൺവേ സംബന്ധമായ തകരാറുകളോ ഉണ്ടായിരുന്നില്ലെന്നും സുരക്ഷിതമായ ലാന്റിങ് ഏരിയ കണ്ടെത്താൻ പൈലറ്റിന് സാധിച്ചില്ലെന്നുമാണ് റിപ്പോർട്ടുകൾ. ജിപിഎസ് സംവിധാനത്തിലെ പ്രശ്നങ്ങളായിരുന്നു ഇതിന് കാരണമെന്നാണ് അനുമാനം. യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിട്ടുണ്ട്. ചില മേഖലകളിൽ പറക്കുമ്പോൾ വിമാനങ്ങൾക്ക് ജിപിഎസ് സിഗ്നൽ തടസങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും കമ്പനി വക്താവ് കൂട്ടിച്ചേർത്തു. കശ്മീർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ജിപിഎസ് സ്പൂഫിങ് അടക്കമുള്ള പ്രശ്നങ്ങൾ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.